സ്ഥിരം സമിതികള്‍ എട്ടാക്കണം –ജില്ലാ പഞ്ചായത്ത്

മലപ്പുറം: ജില്ലാ പഞ്ചായത്തുകളിലെ സ്ഥിരം സമിതികളുടെ എണ്ണം അഞ്ചില്‍നിന്ന് എട്ടായി ഉയര്‍ത്തണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണസംവിധാനത്തിന്‍െറ കാര്യക്ഷമതയും സേവനങ്ങളുടെ ഗുണമേന്മയും വികസനത്തിന്‍െറ വേഗതയും വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കുമെന്ന് ഉമ്മര്‍ അറക്കല്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ധനകാര്യം, വികസനം, പൊതുമരാമത്ത്, ഹൈസ്കൂള്‍ വിദ്യാഭ്യാസവും കായിക കാര്യവും, ഹയര്‍സെക്കന്‍ഡറിയും വി.എച്ച്.എസ്.ഇയും ടെക്നിക്കല്‍ സ്ഥാപനങ്ങളും, ആരോഗ്യം, ക്ഷേമകാര്യം, വനിതകള്‍-കുട്ടികള്‍-വൃദ്ധര്‍-അംഗപരിമിതര്‍, പട്ടികജാതി-പട്ടികവര്‍ഗ വികസനം എന്നീ സ്ഥിരം സമിതികള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുനിസിപ്പല്‍ നിയമപ്രകാരം നഗരസഭകള്‍ക്ക് ആറും കോര്‍പറേഷനുകള്‍ക്ക് എട്ടും സ്ഥിരം സമിതികളുണ്ട്. 94 നഗരസഭകള്‍ക്കും അഞ്ച് കോര്‍പറേഷനുകള്‍ക്കും തുല്യമായ ഭരണപ്രദേശവും ഭരണസ്ഥാപനങ്ങളുമുള്ള ജില്ലാ പഞ്ചായത്തിന് അഞ്ച് സ്ഥിരംസമിതി എന്നത് അപര്യാപ്തമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷത്തെ അഞ്ച് അംഗങ്ങളുള്‍പ്പെടെ എല്ലാവരും പിന്തുണച്ചു. പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് യോഗങ്ങളുടെ ചട്ടങ്ങളും നടപടികളും സെക്രട്ടറി എ. അബ്ദുല്ലത്തീഫ് വിശദീകരിച്ചു. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.