തിരൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

തിരൂര്‍: നാല് ദിവസങ്ങളിലായി 4000 കലാപ്രതിഭകള്‍ മാറ്റുരക്കുന്ന 28ാമത് തിരൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച തിരിതെളിയും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് രജിസ്ട്രേഷന്‍ സ്കൂളില്‍ നടക്കും. വൈകീട്ട് മൂന്നിന് താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് കലോത്സവത്തിന്‍െറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് നിര്‍വഹിക്കും. വൈസ് ചെയര്‍പേഴ്സന്‍ നാജിറ അഷ്റഫ് അധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി മുഖ്യാതിഥിയാകും. ഒരേസമയം 500 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് ഒരുക്കിയിരിക്കുന്നത്. നാല് ദിവസങ്ങളിലായി 12,000 പേര്‍ക്ക് ഭക്ഷണം നല്‍കും. വേദി ഒന്ന്, രണ്ട് (നൂപുരം, തില്ലാന) ഹൈസ്കൂള്‍ ഗ്രൗണ്ടിലും മൂന്ന്, നാല് (ഇശല്‍, നീലാംബരി) എന്നിവ യഥാക്രമം പോളി ഹോസ്റ്റല്‍, പോളി ഓഡിറ്റോറിയം എന്നിവിടങ്ങളിലും വേദി അഞ്ച് (മേഘ് മല്‍ഹാര്‍) ബ്ളോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലും, വേദി ആറ്, ഏഴ് (സോപാനം, കഫ്ല്‍) എന്നിവ ഹൈസ്കൂള്‍ ഓഡിറ്റോറിയങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ എം. ബാപ്പുട്ടി, കെ. ബാവ, സി. ഷാജി, നിലോഫര്‍, ബാബുരാജ്, ഒ.എ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.