സാജിത വധം: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം

മലപ്പുറം: എടയൂര്‍ ചേനാടംകുളമ്പിലെ ക്വാറിയില്‍ ചോലശ്ശേരി മൂസയുടെ മകള്‍ സാജിത (32) കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് ഒതുക്കാനും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനും ഗൂഢശ്രമമെന്നാക്ഷേപം. നേരത്തേ അന്വേഷണസംഘം തന്നെ സൂചന നല്‍കിയതില്‍ നിന്ന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോഴത്തെ അറസ്റ്റിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് സാജിതയുടെ ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. യുവതിയുടെ ആഭരണങ്ങള്‍ കണ്ടത്തെിയിട്ടുണ്ടെന്നും കൊലക്ക് പിന്നിലുള്ളവരെ അറിഞ്ഞാല്‍ അദ്ഭുതപ്പെടുമെന്നും അന്വേഷണസംഘത്തില്‍പ്പെട്ടവര്‍ തന്നെ ഒരു ഘട്ടത്തില്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, അസം സ്വദേശിയെ ഒന്നാംപ്രതിയാക്കി തെളിവ് നശിപ്പിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ ബോധപൂര്‍വ ശ്രമങ്ങളാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നതെന്നാണ് ആരോപണം. കഴിഞ്ഞദിവസം അറസ്റ്റിലായ ക്വാറി ഉടമ അബ്ദുല്ല യുവതിയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ അസം സ്വദേശി അജീബുര്‍ അലിയെ ഉപയോഗിച്ച് നടത്തിയ കൊലയാണിതെന്ന പൊലീസ് വാദം വിശ്വസിക്കണമെങ്കില്‍ ആഭരണങ്ങള്‍ കണ്ടെടുക്കാനാകണം. കൊലക്കുശേഷം അബ്ദുല്ലക്ക് ആഭരണങ്ങള്‍ നല്‍കിയെന്ന് അസം സ്വദേശി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആഭരണം എടുത്തിട്ടില്ളെന്ന ഉറച്ച നിലപാടിലാണത്രെ അബ്ദുല്ല. ആഭരണം ഒളിപ്പിച്ചുവെച്ചത് കേസ് വഴിതിരിച്ചുവിടാനാണെന്ന ആക്ഷേപവും ആക്ഷന്‍ കമ്മിറ്റി ഉയര്‍ത്തുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് പേരിനുമാത്രം രക്തമാണുണ്ടായിരുന്നത്. കഴുത്തറുത്താണ് കൊലപാതകമെങ്കില്‍ രക്തം ഇവിടെ ഒലിച്ചിറങ്ങണം. മറ്റൊരു സ്ഥലത്ത് കൊലനടത്തി മൃതദേഹം ഇവിടെ കൊണ്ടിട്ടതാണെന്ന സംശയവും നാട്ടുകാര്‍ പൊലീസിന് മുന്നില്‍ ഉയര്‍ത്തിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. കൊല നടന്നയുടന്‍ ക്വാറിയിലെ തൊഴിലാളി റബര്‍തോട്ടത്തിലൂടെ ഓടിപ്പോകുന്നത് സമീപവാസി കണ്ടിരുന്നു. ഇയാളെ ചോദ്യം ചെയ്യാനും പൊലീസ് തയാറായിട്ടില്ല. അബ്ദുല്ലയെ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം പൊലീസ് നീക്കത്തില്‍ വ്യക്തമാണ്. കൊല്ലപ്പെട്ട സാജിതയുടെ നാട്ടുകാരന്‍ നടത്തിയ ഗൗരവമായ ചില വെളിപ്പെടുത്തലുകള്‍ തെളിവ് സഹിതം ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. യുവതിയുമായി അടുപ്പമുണ്ടായിരുന്ന മറ്റു ചിലരെക്കുറിച്ച് വ്യക്തമായ സൂചന ഇയാള്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ വഴിക്കും അന്വേഷണമുണ്ടായില്ല. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നതിനിടെ ശക്തമായ സമ്മര്‍ദം അന്വേഷണസംഘത്തിന് മേലുണ്ടായതായാണ് ആക്ഷന്‍ കമ്മിറ്റി സംശയിക്കുന്നത്. യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കാനും അലംഭാവം തുടര്‍ന്നാല്‍ നിയമപോരാട്ടം ശക്തമാക്കാനും തീരുമാനിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനെയൊ മറ്റോ ഏല്‍പ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.