മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വാര്‍ഡിലെ ദുരിതം: 15 ദിവസത്തിനകം നടപടി അറിയിക്കാന്‍ ഉത്തരവ്

മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ത്രീകളും കുട്ടികളും ശസ്ത്രക്രിയക്ക് വിധേയരായവരുമടക്കം കിടക്കുന്ന വാര്‍ഡുകളില്‍ മലമൂത്രവിസര്‍ജനത്തിന് മതിയായ സൗകര്യമില്ലാത്തത് സംബന്ധിച്ച് നടപടിയെടുത്ത് 15 ദിവസംകൊണ്ട് അറിയിക്കാന്‍ ഉത്തരവ്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ഷരീഫ് ഉള്ളത്താണ് നിര്‍ദേശം നല്‍കിയത്. കുട്ടികളുടെ വാര്‍ഡിലടക്കം 150ഓളം രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത് ഒരു കക്കൂസ് മുറിയാണെന്ന് വെള്ളിയാഴ്ച ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. മാധ്യമം വാര്‍ത്തയടക്കം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അക്ബര്‍ മിനായി, മഅ്റൂഫ് പട്ടര്‍കുളം എന്നിവര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന് നല്‍കിയ പരാതിയിലാണ് നടപടി. അഞ്ച് കുളിമുറികളും അഞ്ച് കക്കൂസ് മുറികളുമടക്കം പത്ത് മുറികളുള്ള ഇവിടെ പ്രാഥമിക കൃത്യത്തിന് യോഗ്യമായ ഒരു കക്കൂസ് മുറി മാത്രമാണുള്ളത്. ബാക്കിയുള്ളവ രണ്ട് വര്‍ഷത്തോളമായി തകരാറിലാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ ദിവസം അറ്റകുറ്റപ്പണി നടത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണ്. ഇതിന് ആശുപത്രി വികസന ഫണ്ട് ഉപയോഗിക്കാം. 600ഓളം രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയില്‍ എല്ലാ വാര്‍ഡിലും സമാന സ്ഥിതിയുണ്ട്. ശരീരം തളര്‍ന്ന് ഫിസിയോതെറപ്പിക്ക് എത്തിക്കുന്ന രോഗികള്‍ക്കും പ്രാഥമിക കൃത്യത്തിന് സൗകര്യമില്ല. കെട്ടിടം നവീകരിക്കുന്ന മുറക്ക് പരിഹാരമുണ്ടാവുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പുലര്‍ച്ചെ നാല് മുതല്‍ രോഗികളായ കുഞ്ഞുങ്ങളെയും കൊണ്ട് സ്ത്രീകള്‍ വരിനില്‍ക്കേണ്ട സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.