കേരളോത്സവങ്ങള്‍ പ്രഹസനമാവുന്നു

വണ്ടൂര്‍: യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള കേരളോത്സവങ്ങള്‍ പ്രഹസനമാവുന്നു. യുവജന ക്ഷേമബോര്‍ഡിന്‍െറ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ഉത്സവങ്ങള്‍ തുക ചെലവഴിക്കാന്‍ മാത്രമുള്ള മേളകളായി മാറുകയാണ്. കലാ-സാസ്കാരിക മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, കളരിപ്പയറ്റ്, അമ്പെയ്ത്ത്, കാര്‍ഷിക മത്സരങ്ങള്‍ എന്നിവയുണ്ടെങ്കിലും ജനപങ്കാളിത്തം കുറവാണ്. ഗ്രാമ-ബ്ളോക്ക്-ജില്ലാ-സംസ്ഥാന-ദേശീയ രീതിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് തല മത്സരത്തിന് 50,000 രൂപയും ബ്ളോക്ക്, മുനിസിപ്പാലിറ്റികള്‍ക്ക് ഒരു ലക്ഷം രൂപയും ജില്ലാതല മത്സരത്തിനു രണ്ടുലക്ഷം രൂപയും ചെലവഴിക്കാന്‍ അനുമതിയുണ്ട്. തുക ചെലവഴിക്കുന്നുണ്ടെങ്കിലും മത്സരങ്ങള്‍ ചടങ്ങുകളായി ഒതുങ്ങുകയാണ്. തെരഞ്ഞെടുപ്പായതു മൂലം പഞ്ചായത്ത് തല മത്സരങ്ങള്‍ ഇത്തവണ മിക്കയിടങ്ങളിലും നടന്നിട്ടില്ല. ബ്ളോക്ക്തല മത്സരങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെയും പ്രാദേശിക തലത്തില്‍ മികവ് തെളിയിച്ചവരെയും എത്തിക്കാനാണ് നിര്‍ദേശമെങ്കിലും അവരുടെ പങ്കാളിത്തവും നാമമാത്രമായിരുന്നു. 54 ഇനങ്ങളുള്ള കലാമത്സരത്തില്‍ വണ്ടൂര്‍ ബ്ളോക്ക് തലത്തില്‍ മത്സരിക്കാനത്തെിയത് വെറും നാലുപേര്‍ മാത്രം. അത്ലറ്റിക് ഇനത്തില്‍ പത്തില്‍ താഴെ പേരെ ആറു പഞ്ചായത്തുകളില്‍നിന്ന് എത്തിയുള്ളൂ. അരീക്കോട്, പെരിന്തല്‍മണ്ണ ബ്ളോക്കുകളിലെല്ലാം സ്ഥിതി ഇതു തന്നെയായിരുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ അംഗീകാരം ലഭിക്കാത്തതും സംഘാടനത്തില്‍ വരുന്ന പിഴവുമാണ് മേള പേരിലൊതുങ്ങാന്‍ കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഗ്രാമ-ബ്ളോക്ക് പഞ്ചായത്ത് തലങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതൊഴിച്ചാല്‍ മറ്റൊന്നും ലഭിക്കാറില്ല. ജില്ലാ-സംസ്ഥാന തലങ്ങളില്‍ പ്രൈസ് മണി നല്‍കുന്നുണ്ടെങ്കിലും അതും നാമമാത്രമാണ്. ഉദ്യോഗ പരീക്ഷകളില്‍ കേരളോത്സവ സര്‍ട്ടിഫിക്കറ്റിന് ഗ്രേസ് മാര്‍ക്കുള്‍പ്പെടെയുള്ളവ നല്‍കാന്‍ തയാറായാല്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാവും. താഴെ തട്ടിലുള്ള ക്ളബുകളെ പങ്കെടുപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ കേരളോത്സവങ്ങള്‍ നടത്താന്‍ സംഘാടകര്‍ തയാറായാലും നിലവിലെ അവസ്ഥക്ക് മാറ്റം വരുത്താന്‍ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.