മടപ്പള്ളി കോളജ് സംഘര്‍ഷം: തെളിവെടുപ്പ് ആരംഭിച്ചു

വടകര: മടപ്പള്ളി ഗവ. കോളജില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗതീരുമാനത്തി‍​െൻറ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ജില്ല കലക്ടര്‍ യു.വി. ജോസ് നിയോഗിച്ച അന്വേഷണ കമീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. കോളജ് എജുക്കേഷന്‍ ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍സമ്മ ജോണാണ് വെള്ളിയാഴ്ച കാമ്പസിലെത്തി തെളിവെടുപ്പ് നടത്തിയത്. കോളജ് പ്രിന്‍സിപ്പല്‍, സഹ അധ്യാപകർ, മര്‍ദനത്തില്‍ പരിക്കേറ്റ തംജിത, സല്‍വ അബ്ദുൽ ഖാദര്‍ എന്നിവരടക്കമുള്ളവരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. വിദ്യാര്‍ഥികളില്‍ നിന്നുള്ള തെളിവെടുപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. പിന്നീട് രക്ഷിതാക്കളില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തിങ്കളാഴ്ച കോളജ് യൂനിയന്‍ ഭാരവാഹികള്‍ ഉൾപ്പെടെയുള്ളവരില്‍നിന്ന് മൊഴി രേഖപ്പെടുത്തും. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളെ റോഡില്‍വെച്ചും മറ്റു വിദ്യാര്‍ഥികളെ കാമ്പസിനകത്തും ആക്രമിച്ച് പരിക്കേൽപിച്ചിട്ടും കോളജ് അധികൃതരും പൊലീസും നടപടി സ്വീകരിക്കാത്തത് പ്രദേശവാസികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.