കോഴിക്കോട് കോർപറേഷൻ ഓഫിസിൽ അവസാന കൗൺസിൽ യോഗത്തിനുശേഷം തങ്ങൾക്ക് നൽകിയ ഗ്രൂപ് ഫോട്ടോ മേയർ ബീന ഫിലിപ്പിനൊപ്പം കാണുന്ന കൗൺസിലർമാർ
കോഴിക്കോട്: വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും ഇടയിൽ വീണുകിട്ടിയ ദിവസം ആരോപണ- പ്രത്യാരോപണങ്ങൾക്കപ്പുറം പരസ്പര സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഒരുപിടി നല്ലഓർമകൾ പങ്കുവെച്ച് കോർപറേഷൻ കൗൺസിലിന്റെ അവസാനയോഗം. രാഷ്ട്രീയത്തിനപ്പുറം വളർന്ന സൗഹൃദവുമായാണ് 2020-25 കൗൺസിലർമാർ പിടിയിറങ്ങിയത്. യുനെസ്കോ സാഹിത്യ നഗരം, വയോജന സൗഹൃദ നഗര പദ്ധതി, അഴക് പദ്ധതി തുടങ്ങി അഭിമാന മുഹൂർത്തങ്ങൾ ഏറെ സമ്മാനിച്ച ചാരിതാർഥ്യത്തോടെയാണ് അവസാന കൗൺസിൽ യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്ന് മേയർ ബീന ഫിലിപ് വികാരഭരിതയായി.
എല്ലാവരും തുല്യരാണെന്നും അതിൽ ഒരാളാണ് താനെന്നും മേയർ പറഞ്ഞു. കോവിഡ് വെല്ലുവിളികളിലും വികസ പ്രവർത്തനങ്ങളിലും ഒറ്റ മനസ്സോടെ നിലകൊണ്ട് നഗരത്തിന്റെ പരസ്പരസഹവർത്തിത്വത്തിന്റെ പരിച്ഛേതമായി കൗൺസിലും മാറിയെന്ന്മേയർ ഓർമിച്ചു. തന്നോട് സഹകരിച്ച കൗൺസിലർമാർ, ഉദ്യോഗസ്ഥർ എല്ലാവരോടും മേയർ നന്ദി പറഞ്ഞു. കൗൺസിലർമാരിൽ ഭൂരിപക്ഷവും അവസാനത്തെ യോഗത്തിൽ പങ്കെടുക്കാൻ എത്തി. അഞ്ചുതവണ കോർപറേഷൻ കൗൺസിലിലെത്തിയ സ്ഥിരം സമിതി ചെയർമാൻ പി.ദിവാകരൻ ഇനി കൗൺസിലിലേക്കില്ലെന്നു വ്യക്തമാക്കി.
ക്രിയാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ കൗൺസിലിനു കാഴ്ചവെക്കാൻ കഴിഞ്ഞുവെന്നും വരുന്ന ഭരണസമിതിക്ക് ഇത് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുൻ രസതന്ത്രം അധ്യാപികയായ തനിക്ക് ജനാധിപത്യത്തിന്റെയും ഭരണത്തിന്റെയും രസതന്ത്രം പുതിയ പാഠങ്ങളായിരുന്നുവെന്ന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ എസ്. ജയശ്രീ ഓർമിച്ചു. കൊവിഡ് കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കോർപറേഷന്റെ ടാഗോർ സെന്റിനറി ഹാൾ കേന്ദ്രത്തിലായിരുന്നുവെന്ന് അവർ പറഞ്ഞു. കൗൺസിലിൽ ക്രിയാത്മക പ്രതിപക്ഷം ആവാൻ സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാക്കളായ കെ.മൊയ്തീൻ കോയയും കെ.സി. ശോഭിതയും പറഞ്ഞു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നഗരത്തിന് മികച്ച പദ്ധതികളൊന്നും നടപ്പാക്കാൻ കൗൺസിലിനു കഴിഞ്ഞില്ലെന്നും നഗര ഹൃദയത്തിൽ വാഗ്ദാനംചെയ്ത പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും മെയ്തീൻകോയ ചൂണ്ടിക്കാട്ടി.
എസ്.കെ. അബൂബക്കർ, എൻ.സി. മോയിൻ കുട്ടി, സി.പി. സുലൈമാൻ, പി.കെ. നാസർ, സി.എം. ജംഷീർ, സി.എസ്. സത്യഭാമ, ടി. രനീഷ്, നവ്യ ഹരിദാസ്, സെക്രട്ടറി കെ.യു. ബിനി, അഡീഷനൽ സെക്രട്ടറി എൻ.കെ. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. വാർഷിക ധനകാര്യ പത്രികക്ക് മുൻകൂർ അനുമതി നൽകിയതും കൗൺസിലർമാരായ അൽഫോൻസ മാത്യു. കെ.റംലത്ത് എന്നിവരുടെ രാജിക്ക് അംഗീകാരം ഉൾപ്പെടെ 4 അജൻഡയാണ് അവസാന യോഗത്തിൽ പരിഗണിച്ചത്. അര മണിക്കൂറിൽ യോഗ നടപടികൾ അവസാനിച്ചു. തുടർന്നു യാത്രയയപ്പിലേയ്ക്കു കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.