വോട്ടെണ്ണൽ കേന്ദ്രമായ നടക്കാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദം
കോഴിക്കോട്: ചെങ്കോട്ടകൾ പലതും വീണുടഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജില്ലയിൽ ചരിത്ര മുന്നേറ്റം. ഗ്രാമ നഗര വ്യത്യാസമില്ലാതെ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ എക്കാലത്തും ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിച്ച ജില്ല പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമാറ്റമെന്ന ‘അത്ഭുതം’ സംഭവിച്ചു. ചില വാർഡുകളിൽ നടന്ന ശക്തമായ ത്രികോണ മത്സരമാണ് കോഴിക്കോട് കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ എൽ.ഡി.എഫിനെ സഹായിച്ചതെങ്കിലും കോർപറേഷനിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലേക്കുള്ള ബി.ജെ.പിയുടെ കടന്നുകയറ്റം അവരുടെ ഉറക്കം കെടുത്തുന്നതാണ്. 76ൽ 35 എണ്ണമാണ് എൽ.ഡി.എഫിന്റെ അക്കൗണ്ടിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലനിർണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ജില്ലയിൽ എക്കാലത്തും ഇടതുമുന്നണിക്ക് മേൽക്കൈ ഉണ്ടായിരുന്നു. ജനങ്ങളുമായുള്ള ബന്ധം, അവ വോട്ടാക്കി മാറ്റാൻ കഴിയുന്ന ശക്തമായ സംഘടന സംവിധാനം എന്നിവയിലെല്ലാം എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു അവർ. പ്രതികൂലമായ രാഷ്ട്രീയ കാലവസ്ഥകളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ നിലനിർത്തിയതങ്ങിനെയായിരുന്നു.
യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2001ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ജില്ലയിൽ എൽ.ഡി.എഫിനായിരുന്നു വിജയം. 2010ലായിരുന്നു ഇതിനൊരപവാദം. സി.പി.എമ്മിനകത്തെ വിഭാഗീയ പ്രശ്നങ്ങളും പിളർപ്പും പാർട്ടിയും ഭരണവും തമ്മിലുള്ള സംഘർഷങ്ങളുമെല്ലാം പ്രതിഫലിച്ച ആ തെരഞ്ഞെടുപ്പിലും ചില കോട്ടകൾ വീണപ്പോഴും അവർ പിന്നിലായില്ല. ഈ ചരിത്രമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ പഴങ്കഥയാകുന്നത്. ജില്ല പഞ്ചായത്ത് പിടിച്ചതിനൊപ്പം നഗരസഭകൾ നിലനിർത്താനും യു.ഡി.എഫിനായി.
ക്ഷേമ പെൻഷൻ വർധന, സംസ്ഥാന ഭരണനേട്ടം, അധികാരത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പ്രാവർത്തികമാക്കിയ വികസന പദ്ധതികൾ എന്നിവയിലൂന്നിയായിരുന്നു എൽ.ഡി.എഫിന്റെ പ്രചാരണം. എന്നാലിതിനെയെല്ലാം മറികടക്കുന്ന ഭരണ വിരുദ്ധവികാരം നിലവിലുണ്ടായിരുന്നു എന്നാണ് ഫലം തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.