ചരിത്രം കുറിച്ച് യു.ഡി.എഫ്

കോഴിക്കോട്: ഇടതുപക്ഷ സർക്കാറിന് താഴെത്തട്ടിൽ ജനപിന്തുണ നഷ്ടപ്പെട്ട ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫ് കുറിച്ചുവെച്ചത് ചരിത്രത്തിലേക്ക്. വാർഡുകളുടെ എണ്ണത്തിനൊപ്പം ഭൂരിപക്ഷവും വർധിപ്പിച്ചത് വിജയം വെറും ആകസ്മികമല്ലെന്നുകൂടിയുള്ള വെളിപ്പെടുത്തലായി.

ചരിത്രത്തിലാദ്യമായാണ് ജില്ല പഞ്ചായത്ത് ഡിവിഷനിലെ 28 ഡിവിഷനുകളിൽ 15ഉം നേടി യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിന്റെ വക്കോളമെത്തി 27 ഡിവിഷനുകളിൽ 13 ഡിവിഷനുകൾ നേടിയിരുന്നെങ്കിലും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഒരു ഭീഷണിയും സൃഷ്ടിക്കാത്ത പങ്കാളിത്തം മാത്രമായിരുന്നു ജില്ല പഞ്ചായത്തിൽ യു.ഡി.എഫിനുണ്ടായിരുന്നത്.

ഇടതുപക്ഷത്തോടുള്ള വിരുദ്ധവികാരം വെളിപ്പെടുത്തുന്നതാണ് അഴിയൂർ, മേപ്പയൂർ, അരിക്കുളം, ഉള്ള്യേരി, ചോറോട് ഡിവിഷനുകളിലെ യു.ഡി.എഫ് വിജയം. അഴിയൂരിൽ ആർ.എം.പി സ്ഥാനാർഥി ടി.കെ. സിബി ആർ.ജെ.ഡി സ്ഥാനാർഥി കിരൺ ജിത്തിനെക്കാൾ 2075 വോട്ടിന്റെ ഭൂരിപക്ഷം നേടിയതും സി.പി.എമ്മിന് ഏൽപിച്ച ആഘാതം ചെറുതല്ല. പാർട്ടിയുള്ളിടത്തോളം ഒപ്പം നിൽക്കുമെന്ന് വിശ്വസിച്ചുപോന്ന അരിക്കുളം, ഉള്ള്യേരി, ചോറോട്, മേപ്പയൂർ ഡിവിഷനുകളിലെ പരാജയവും സി.പി.എമ്മിന് പിടിച്ചുനിൽക്കാൻ മറുപടിപോലും തെളിയാത്ത അവസ്ഥയിലേക്കെത്തിച്ചു.

ഭരണവിരുദ്ധ വികാരത്തിനു നൽകിയ വോട്ട് എന്നതിലുപരി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചനയാകുമോയെന്ന ആശങ്കകൂടി സി.പി.എം അണികളിൽ ഉയർന്നു. എടച്ചേരി, കായക്കൊടി, പേരാമ്പ്ര, മൊകേരി ഡിവിഷനുകളിൽ പിടിച്ചുനിൽക്കാനായതാണ് അൽപമെങ്കിലും ആശ്വാസം പകരുന്നത്. മൊകേരിയിൽ യശോദക്ക് 4361 വോട്ടിന്റെയും പേരാമ്പ്രയിൽ പാർട്ടിയുടെ ഡോ. കെ.കെ. ഹനീഫക്ക് 4761 വോട്ടിന്റെയും ലീഡ് പിടിക്കാനായത് സി.പി.എമ്മിന് ആശ്വാസമേകി.

മുസ്‍ലിം ന്യൂനപക്ഷ വോട്ടുകളുടെ ചോർച്ച ഇടതുപക്ഷത്തിന് ദോഷം ചെയ്തു. മേപ്പയൂർ, ഉള്ള്യേരി, കാരശ്ശേരി ഡിവിഷനുകളിൽ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് ഗുണമാകുകയും ചെയ്തു. നരിക്കുനി, ചേളന്നൂർ, താമരശ്ശേരി, ഓമശ്ശേരി ഡിവിഷനുകളിലും മുസ്‍ലിം ന്യൂനപക്ഷ വോട്ടുകൾ ഗുണംചെയ്തതായാണ് വിലയിരുത്തൽ. യു.ഡി.എഫ് ഇത്തവണ നിർത്തിയ സ്ഥാനാർഥികൾ മികച്ചവരായതും അടിയൊഴുക്കിന്റെ വേഗം വർധിപ്പിച്ചു. സി.പി.എം കക്കോടി എരിയ കമ്മിറ്റി അംഗം മഞ്ജുള മോവിള്ള്യാരിയുടെ വിജയം സി.പി.എമ്മിന് ആശ്വാസം പകർന്നു.

ജില്ല പഞ്ചായത്തിൽ നിലവിൽ ഒമ്പത് സീറ്റുകൾ ഉണ്ടായിരുന്നിടത്താണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ട് പാർട്ടിയുടെ കോട്ടകളിൽനിന്ന് യു.ഡി.എഫ് സീറ്റുകൾ പിടിച്ചെടുത്തത്. നാദാപുരം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിം ലീഗിന്റെ കെ.കെ. നവാസിന്റെ 16615 ഭൂരിപക്ഷമാണ് ഏറ്റവും വലിയ ലീഡ്.  

Tags:    
News Summary - local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT