കോഴിക്കോട്: ഭരണം നിലനിർത്തി ചരിത്രം കാത്ത എൽ.ഡി.എഫിന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത ആഘാതത്തിന്റെതുകൂടിയായി. 76ൽ 35 വാർഡിലാണ് എൽ.ഡി.എഫ് വിജയിച്ചത്. 28 സീറ്റുമായി യു.ഡി.എഫും 13 സീറ്റുമായി എൻ.ഡി.എയും കോർപറേഷനിൽ ചരിത്ര നേട്ടം കൈവരിച്ചു. ബി.ജെ.പി നഗരഹൃദയം കവർന്ന വിജയമാണ് കൊയ്തത്. പല വാർഡുകളും ബി.ജെ.പിക്ക് തളികയിൽ വെച്ചുകൊടുക്കുംവിധമാണ് വാർഡ് പുനർവിഭജിച്ചത്. കേവല ഭൂരിപക്ഷമില്ലാത്ത കോർപറേഷൻ കൗൺസിൽ പഴയപോലെ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഇനി എൽ.ഡി.എഫിന് കഴിയില്ല. 51 സീറ്റിൽനിന്നാണ് എൽ.ഡി.എഫ് 35ലേക്ക് താഴ്ന്നത്.
മേയർ സ്ഥാനാർഥിയായി മത്സരിച്ച നിലവിലെ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് തോറ്റതും മേയർ ബീനാ ഫിലിപ്പിന്റെ വാർഡിൽ വിജയിക്കാനാവാത്തതും ആഴ്ചവട്ടം ഉൾപ്പെടെയുള്ള സിറ്റിങ് സീറ്റുകൾ നഷ്ടമായതും സി.പി.എമ്മിന് കനത്ത ആഘാതമാണുണ്ടാക്കിയത്. 57 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് 32 സീറ്റിലാണ് വിജയിക്കാനായത്. അഞ്ച് സീറ്റിൽ മത്സരിച്ച സി.പി.ഐ രണ്ട് സീറ്റിലും മൂന്ന് സീറ്റിൽ മത്സരിച്ച എൻ.സി.പി ഒരു സീറ്റിലുമാണ് വിജയിച്ചത്. എൽ.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്കൊന്നും വിജയിക്കാനായില്ല.
വലിയ പ്രതീക്ഷയിലാണ് യു.ഡി.എഫ് രംഗത്തിറങ്ങിയതെങ്കിലും കോൺഗ്രസിന് വിചാരിച്ച നേട്ടം ഉണ്ടാക്കാനായില്ല. 49 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 14 സീറ്റിലും 25 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിന് 14 സീറ്റിലുമാണ് വിജയിക്കാനായത്. കഴിഞ്ഞ വർഷം 17 സീറ്റുകളായിരുന്നു യു.ഡി.എഫിന് ലഭിച്ചത്. പിന്നീട് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വെള്ളിമാട്കുന്ന് സ്ഥാനാർഥി കെ. ചന്ദ്രൻ യു.ഡി.എഫിനൊപ്പം ചേർന്നതോടെ അംഗങ്ങളുടെ എണ്ണം 18 ആയി.
എൽ.ഡി.എഫിന്റെ 14 സീറ്റുകളും എൻ.ഡി.എയുടെ രണ്ട് സീറ്റുകളും ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കി. തീരദേശമേഖലയാണ് യു.ഡി.എഫിന് അനുകൂലമായത്. എൻ.ഡി.എക്ക് 13 സീറ്റാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ ലഭിച്ച എൻ.ഡി.എക്ക് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. പകരം എൽ.ഡി.എഫിന്റെ അഞ്ച് സീറ്റുകളും യു.ഡി.എഫിന്റെ മൂന്ന് സീറ്റും എൻ.ഡി.എക്കൊപ്പം നിന്നു. ഇതിന് പുറമേ നാല് സിറ്റിങ് സീറ്റിലും പുതുതായുള്ള മാവൂർറോഡ് വാർഡിലും എൻ.ഡി.എ ജയിച്ചു.
വലിയതോതിലുള്ള ഭരണവിരുദ്ധവികാരം പ്രവർത്തിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കോൺഗ്രസ് കൊട്ടിഘോഷിച്ച് മേയർസ്ഥാനാർഥിയായി ചലച്ചിത്രസംവിധായകൻ വി.എം. വിനുവിനെ രംഗത്തിറക്കിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ ദയനീയമായി തിരിച്ചുകയറേണ്ടി വന്നു. കല്ലായി വാർഡിലായിരുന്നു വിനു മത്സരിക്കാനിറങ്ങിയത്. അവിടെ പകരക്കാരനായിറങ്ങിയ കോൺഗ്രസിന്റെ ബൈജു കാളക്കണ്ടി ജയിച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.