പയ്യോളിയിൽ വിജയികളായ സ്ഥാനാർഥികൾ
പയ്യോളി: ഗ്രാമപഞ്ചായത്തിൽനിന്ന് നഗരസഭയായി മാറിയ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഹാട്രിക് വിജയം നേടി പയ്യോളിയിൽ യു.ഡി.എഫ് ആധിപത്യം തുടർന്നു. 37ൽ 22 സീറ്റ് നേടിയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. സീറ്റ് വിഭജനത്തിന്റെ ഭാഗമായി വർധിച്ച ഒരു സീറ്റ് യു.ഡി.എഫ് നേടി. എന്നാൽ, 2015ൽനിന്ന് വ്യത്യാസമില്ലാതെ എൽ.ഡി.എഫ് 14 സീറ്റും എൻ.ഡി.എ ഒരു സീറ്റും തന്നെ നേടി. ഇത്തവണ 13 സീറ്റ് നേടിയ മുസ്ലിം ലീഗ് കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റ് വർധിപ്പിച്ചു. അതേസമയം, കോൺഗ്രസിന് 2020ൽ ലഭിച്ചതിനേക്കാൾ രണ്ട് സീറ്റ് നഷ്ടപ്പെട്ട് ഒമ്പത് സീറ്റാണ് ലഭിച്ചത്.
എന്നാൽ, എൽ.ഡി.എഫിൽ സി.പി.ഐയുടെ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടപ്പോൾ രണ്ട് സീറ്റ് നേടിയ ആർ.ജെ.ഡിക്ക് ഇത്തവണ ഒരു സീറ്റ് വർധിക്കുകയുണ്ടായി. ബി.ജെ.പിക്ക് കഴിഞ്ഞതവണ 197 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇത്തവണ 25 വോട്ടിനാണ് 37ാം വാർഡിൽനിന്ന് നിഷ ഗിരീഷ് വിജയിച്ചത്. എങ്കിലും ബി.ജെ.പി അഞ്ചിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വർഷം വീതം ആദ്യപകുതി കോൺഗ്രസിന്റെ ചെയർമാനും രണ്ടാം പകുതി മുസ്ലിം ലീഗുമായിരുന്നു ഭരണം പങ്കിട്ടിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പയ്യോളിയിലെ പ്രധാന രാഷ്ട്രീയ സംഭവവികാസമായിരുന്നു യു.ഡി.എഫിലെ രണ്ട് വികസന സമിതിയംഗങ്ങൾ തൽസ്ഥാനം രാജിവെച്ച് എൽ.ഡി.എഫിലേക്ക് ചേക്കേറിയത്. എന്നാൽ, ഇരുവരെയും വോട്ടർമാർ സ്വീകരിച്ചില്ല. സ്ഥിരം സമിതി അംഗമായിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോട്ടക്കൽ എൽ.ഡി.എഫ് പിന്തുണയോടെ ഒന്നാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും 76 വോട്ടിന് പരാജയപ്പെടുകയുണ്ടായി. സ്ഥിരം സമിതി അംഗമായിരുന്ന കോൺഗ്രസിലെ മഹിജ എളോടി രാജിവെച്ച് എൽ.ജെ.ഡിയുടെ ഭാഗമായി എട്ടാം വാർഡിൽ മത്സരിച്ചെങ്കിലും 58 വോട്ടിന് തോറ്റു.
ആം ആദ്മി പാർട്ടി നാല് സീറ്റിൽ മത്സരിച്ചെങ്കിലും വാർഡ് 11ലും 12ലും നിർണായകമായ വോട്ടുകൾ നേടാനായി. ഇവിടെ യു.ഡി.എഫിന്റെ രണ്ട് സ്ഥാനാർഥികളും വിജയിച്ചത് 17 വീതം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എ.എ.പി സ്ഥാനാർഥികൾക്ക് 11ലും 12ലും യഥാക്രമം 40ഉം 78ഉം വോട്ടുകളാണ് ലഭിച്ചത്.
നഗരസഭയിലെ 37 വാർഡുകളിലായി ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് 27ാം വാർഡിൽ വിജയിച്ച മുസ്ലിം ലീഗിലെ നസീമക്ക്.
336 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. അതേസമയം, ടൗൺ വാർഡായ 20ൽ നാലാമതും മത്സരിച്ചു വിജയിച്ച മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥി സി.പി. ഫാത്തിമ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.