കൊടുവള്ളി: കൊടുവള്ളിയിൽ യു.ഡി.എഫ് മിന്നുന്ന ജയം നേടി അധികാരം നിലനിർത്തി. ആകെയുള്ള 37 വാർഡുകളിൽ 25 വാർഡുകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചു. എൽ.ഡി.എഫിന് 11 വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ തവണയും 25 വാർഡുകൾ നേടിയ യു.ഡി.എഫ്, ഇത്തവണയും അതേ മുന്നേറ്റം നിലനിർത്തി. എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ച 10 സീറ്റുകളിൽനിന്ന് ഒരെണ്ണം അധികം നേടാനായെങ്കിലും പ്രമുഖ നേതാക്കളുടെ തോൽവി തിരിച്ചടിയായി.
എൽ.ഡി.എഫ് വർഷങ്ങളായി വിജയിച്ചിരുന്ന കരൂഞ്ഞി, പോർങ്ങോട്ടൂർ, കരുവൻപൊയിൽ ഈസ്റ്റ് എന്നീ ഡിവിഷനുകൾ നഷ്ടപ്പെട്ടു. എന്നാൽ, യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായിരുന്ന വെണ്ണക്കാട്, മുക്കിലങ്ങാടി, പട്ടിണിക്കര, വാവാട് സെന്റർ എന്നീ ഡിവിഷനുകളിൽ എൽ.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞു. മുൻ കൗൺസിലർമാരായ സ്വർണക്കടത്ത് കേസിലെ പ്രതിയായിരുന്ന ഫൈസൽ കാരാട്ട്, കെംഡൽ ചെയർമാൻ വായോളി മുഹമ്മദ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. ജമീല, വഖഫ് ബോർഡ് അംഗം റസിയ ഇബ്രാഹിം, നാഷനൽ ലീഗ് നേതാക്കളായ ഒ.പി. റഷീദ്, ഇ.സി. മുഹമ്മദ്, ജെ.ഡി.എസ് ജില്ല പ്രസിഡന്റ് അബ്ദുള്ള മാതോലത്ത് ഉൾപ്പെടെയുള്ളവർ പരാജയമറിഞ്ഞു. യു.ഡി.എഫിൽ മുൻ കൗൺസിലർമാരായ കെ. ശിവദാസൻ, ശരീഫ കണ്ണാടിപ്പോയിൽ, ഹഫ്സത്ത് ബഷീർ എന്നിവരും പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചത് വാവാട് ഇരുമോത്ത് 36 ഡിവിഷനിൽനിന്ന് മത്സരിച്ച ഒ.പി. മജീദ് (680) ആണ്. ഇത്തവണ എൻ.സി.പിക്ക് ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്.
പറമ്പത്ത് ഡിവിഷനിൽ യു.ഡി.എഫിന്റെ ഭാഗമായി തിരിച്ച വെൽഫെയർ പാർട്ടി കൗൺസിലറായ ഹസീനയെ പരാജയപ്പെടുത്തിയാണ് എൻ.സി.പിയുടെ ഹൈറുന്നിസ വിജയിച്ചത്. യു.ഡി.എഫിന്റെ ഭാഗമായി കരൂഞ്ഞി ഡിവിഷനിൽ മത്സരിച്ച വെൽഫെയർ പാർട്ടിയുടെ നദീറ ശൗക്കത്ത് വിജയിച്ച് ഒരു സീറ്റും നേടി. പ്രാവിൽ ഡിവിഷനിൽ സ്ഥാനാർഥിയായി മത്സരിച്ച അസീസിനെതിരെ സ്വതന്ത്രയായി മത്സരിച്ച ഷറഫു പൊയിൽ തൊടികയാണ് വിജയിച്ചത്. ഇവിടെ 14 വോട്ട് മാത്രമാണ് അസീസിന് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.