കോഴിക്കോട്: പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം കാറ്റിൽപ്പറത്തി ജില്ലയിൽ യു.ഡി.എഫ് തേരോട്ടം. എൽ.ഡി.എഫിനെ ഞെട്ടിച്ച് ജില്ലയുടെ ചരിത്രത്തിലാദ്യമായി ജില്ല പഞ്ചായത്ത് ഭരണം പിടിച്ചടക്കിയ യു.ഡി.എഫ്, എൽ.ഡി.എഫിന്റെ ഉറച്ച കോട്ടകളായിരുന്ന പല ഗ്രാമപഞ്ചായത്തുകളിലും വെന്നിക്കൊടി നാട്ടി. കോർപറേഷനിലും ബ്ലോക്ക് പഞ്ചായത്തുകളിലും നിലമെച്ചപ്പെടുത്തിയ അവർ മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞ തവണത്തെ മേൽക്കോയ്മ നിലനിർത്തുകയും ചെയ്തു.
ജില്ല പഞ്ചായത്തിൽ 28ൽ 15 ഡിവിഷനുകൾ നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എൽ.ഡി.എഫ് 13ലൊതുങ്ങി. കഴിഞ്ഞ തവണ 27ൽ എൽ.ഡി.എഫിന് 18ഉം യു.ഡി.എഫിന് ഒമ്പതും അംഗങ്ങളായിരുന്നു. എൽ.ഡി.എഫിന്റെ നാല് കുത്തക ഡിവിഷനുകളിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടി. 76 അംഗ കോഴിക്കോട് കോർപറേഷനിൽ 35 സീറ്റുകളിലൊതുങ്ങി എൽ.ഡി.എഫ്. 18ൽ നിന്ന് യു.ഡി.എഫ് 28 ആയി നില മെച്ചപ്പെടുത്തി. ആറ് വാർഡുകൾ അധികം നേടി ബി.ജെ.പി അംഗബലം 13 ആയി. 70 ഗ്രാമപഞ്ചായത്തുകളിൽ 40 ഇടത്താണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എൽ.ഡി.എഫ് 25ലൊതുങ്ങി.
അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല. കുത്തക പഞ്ചായത്തുകൾ ഉൾപ്പെടെ 15 ഓളം ഗ്രാമപഞ്ചായത്തുകളാണ് എൽ.ഡി.എഫിനെ കൈവിട്ടത്. അതേസമയം, യു.ഡി.എഫിന് മേൽക്കോയ്മയുള്ളതും ഇടക്കാലത്ത് തങ്ങളെ കൈവിട്ടതുമടക്കം അഞ്ച് പഞ്ചായത്തുകൾ തിരിച്ചുപിടിക്കാനായി. ബ്ലോക്ക് പഞ്ചായത്തകളിലും എൽ.ഡി.എഫിന് നഷ്ടം സംഭവിച്ചെങ്കിലും യു.ഡി.എഫിനുമേൽ മേധാവിത്തം നേടാനായി. 12ൽ ഏഴിടത്താണ് ഭൂരിപക്ഷം ലഭിച്ചത്. രണ്ടിടത്ത് യു.ഡി.എഫ് ഭരണം നേടിയപ്പോൾ മറ്റു രണ്ടിടങ്ങളിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റാണ്. ഏഴ് മുനിസിപ്പാലിറ്റികളിൽ നാലിടത്താണ് യു. ഡി.എഫ് വിജയിച്ചത്. എൽ.ഡി.എഫ് മൂന്നിടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.