KC LEAD എല്ലാ സഹായവും ഒരു കുടക്കീഴിലാക്കി നഗരസഭ ഹെൽപ് ഡെസ്​ക്

കോഴിക്കോട്: പൊതുജനങ്ങൾക്ക് അത്യാവശ്യ സഹായങ്ങളെല്ലാം ഒരു ഫോൺവിളിയിൽ ലഭ്യമാവുന്ന നഗരസഭയുടെ സംവിധാനത്തോട് നല്ല പ്രതികരണം. മരുന്നും ഭക്ഷണവും ആംബുലൻസുമടക്കം കാര്യങ്ങൾക്ക് കാത്തുനിൽക്കാതെ പെട്ടെന്ന് സഹായമെത്തിക്കാനാണ് നഗരസഭ ഹെല്‍പ് ഡെസ്‌ക് ഒരുക്കിയത്. രാവിലെ എട്ടിനും രാത്രി എട്ടിനുമിടക്ക് ഫോൺ വിളിച്ചാൽ ഏത് വിധത്തിലുള്ള സഹായമാണെന്ന് ഉറപ്പാക്കിയ ശേഷം അതിനായി സന്നദ്ധരായവരുടെ അടുത്തേക്ക് ആവശ്യക്കാരെ തിരിച്ചുവിടുന്നതാണ് സംവിധാനം. ഇതിനായി നഗരസഭ വിളിച്ചുചേർത്ത സന്നദ്ധ പ്രവർത്തകരുടെ യോഗത്തിൽ 120 പേർ പങ്കെടുത്തു. ഇവരിൽനിന്ന് കുറ്റമറ്റ സേവനം ഉറപ്പാക്കുന്ന 80 പേരെ ഉൾക്കൊള്ളിച്ചതാണ് ഇപ്പോഴത്തെ ഹെൽപ് ഡെസ്ക്. ഇപ്പോഴുള്ളവരുടെ സേവനം കോർപറേഷൻ നിരീക്ഷിച്ചശേഷം പോരായ്മയുള്ളവരെ ഒഴിവാക്കി കൂടുതൽ കുറ്റമറ്റതാക്കും. പലയിടത്തായി പലവിധത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നത് കൂടിയാണ് പദ്ധതി. കോവിഡ് കാലത്തിനുശേഷവും ഇത് സ്ഥിരം സംവിധാനമാക്കി മുന്നോട്ട് കൊണ്ടുപോവാനാണ് ലക്ഷ്യമിടുന്നത്. ആംബുലന്‍സ്, സന്നദ്ധ പ്രവര്‍ത്തകരുടെ മനുഷ്യ വിഭവശേഷി നൽകൽ, ഭക്ഷണവിതരണം, രക്തദാനം, മരുന്നെത്തിക്കല്‍ തുടങ്ങിയവക്കെല്ലാമുള്ളവർ ഹെല്‍പ് ഡെസ്‌ക്കിന് കീഴില്‍ ഒന്നിച്ച് അണിനിരക്കുന്നു. ഹെല്‍പ് ഡെസ്‌ക്കിലേക്ക് വിളിച്ചാല്‍ ഏതുരീതിയിലുള്ള സേവനമാണോ വേണ്ടത് എന്ന് ആരായും. അതിനനുസരിച്ച് ഒറ്റ നമ്പറുകൾ ഡയൽ ചെയ്ത് സംഘടനകളെ ആവശ്യക്കാർക്ക് ബന്ധപ്പെടുത്തിക്കൊടുക്കുന്ന കാള്‍ സൻെറർ രീതിയിലാണ് പ്രവര്‍ത്തനം. നഗരത്തിൽ എല്ലാ വാര്‍ഡുകളിലും സഹായം ഉറപ്പാക്കും. പ്രകൃതി ദുരന്തവും രോഗങ്ങളുമെല്ലാമുണ്ടാവുേമ്പാൾ സര്‍ക്കാറിനെ സഹായിക്കുന്ന മുഖ്യ സംവിധാനമായി മാറുകയും ലക്ഷ്യമിടുന്നു. സഹായത്തിനായി വിളിക്കുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കില്ലെന്ന പ്രത്യേകതയുമുണ്ട്. ഹെൽപ് ഡെസ്ക്കിൽ വിളിക്കാം. ഫോണ്‍: 6235 400 400 (രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.