എം.കെ മുനീർ
കൊടുവള്ളി: മലബാറിലെ രാഷ്ട്രീയ ഭൂപടത്തിൽ യു.ഡി.എഫിന്റെ എക്കാലത്തെയും വിശ്വസ്ത മണ്ഡലമാണ് കൊടുവള്ളി. നിയമസഭ തെരഞ്ഞെടുപ്പ് എത്തിയതോടെ കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടന്ന പ്രവർത്തനങ്ങളെ ചൊല്ലി എം.എൽ.എയും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. കൊടുവള്ളി നഗരസഭയും നരിക്കുനി, മടവൂർ, കിഴക്കോത്ത്, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 2021ൽ ഡോ. എം.കെ. മുനീറിലൂടെ മുസ്ലിം ലീഗ് നിലനിർത്തിയ മണ്ഡലത്തിൽ, വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ, വികസന മുരടിപ്പ് എന്ന ആയുധം പ്രയോഗിച്ച് മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്.
അഞ്ച് വർഷത്തിനിടെ വിവിധ ഫണ്ടുകളിലായി 600 കോടി രൂപയിലധികം വിനിയോഗിച്ചതായാണ് മുനീർ അവകാശപ്പെടുന്നത്. വിദ്യാഭ്യാസം, റോഡുകളുടെ നവീകരണം, പാലങ്ങളുടെ നിർമാണം, കെട്ടിട നിർമാണങ്ങൾ, ശുദ്ധജല പദ്ധതികൾ എന്നിവക്ക് മുന്തിയ പരിഗണന നൽകി. എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് സർക്കാർ സ്കൂളിൽ എ.ഐ. ലാബ് കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവിൽ നിർമിച്ച കൊടുവള്ളി സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻറ് സയൻസ് കോളജിൽ പുതിയ ക്ലാസ് മുറികളും കോളജിലേക്കുള്ള റോഡും നിർമ്മിച്ചു. താമരശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് നവീകരണം, തലയാട്-മലപുറം ഹിൽ ഹൈവേ, കട്ടിപ്പാറ ഫാമിലി ഹെൽത്ത് സെൻറർ, സി.എച്ച്.എം.കെ. എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ചുറ്റുമതിൽ നിർമാണം, പന്നിക്കോടൂർ ഗവ. ആയുർവേദ ആശുപത്രി, നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെൻറർ, പടനിലം നരിക്കുനി റോഡ്, പൂനൂർ-നരിക്കുനി റോഡ് എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായി. കൊടുവള്ളി ടൗൺ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ ബൈപ്പാസ് റോഡ് നവീകരണത്തിന് ഭരണാനുമതിയും ലഭ്യമാക്കി.
എന്നാൽ, എം.എൽ.എയുടെ കണക്കുകൾ വെറും അവകാശവാദങ്ങൾ മാത്രമാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ വികസന മുരടിപ്പ് ഉണ്ടാകുന്നതെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങൾ വലിയ വികസന കുതിപ്പ് നടത്തുമ്പോൾ കൊടുവള്ളി മാത്രം പിന്നോട്ട് പോവുകയാണ്. അടിസ്ഥാന വികസന കാര്യങ്ങളിൽ പോലും മണ്ഡലം പരാജയമാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു.ഗവ. ഐ.ടി.ഐ, പാലങ്ങൾ, കൊടുവള്ളി ടൗൺ നവീകരണം, കുടിവെള്ള പദ്ധതികൾ, കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം, മണ്ഡലത്തിലെ ആശുപത്രികളുടെ നവീകരണം ഉൾപ്പെടെ മണ്ഡലത്തിലെ വികസന കുതിപ്പിന് ആവശ്യമായ ഒരു പദ്ധതിയും എം എൽ എ കൊണ്ടുവന്നിട്ടില്ല. പ്രഖ്യാപനങ്ങൾക്കപ്പുറം പ്രായോഗികമായ മാറ്റങ്ങൾ മണ്ഡലത്തിൽ ദൃശ്യമല്ലെന്നും വികസന മുരടിപ്പിനെതിരെ ജനരോഷം ഉയരുന്നുണ്ടെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
കുന്ദമംഗലം എം.എൽ.എ പി.ടി.എ.റഹീമിനെ കൊടുവള്ളിയിലേക്ക് മാറ്റാൻ എൽ.ഡി.എഫ് ആലോചന നടത്തിയിരുന്നെങ്കിലും അദ്ദേഹം കുന്ദമംഗലത്തുനിന്ന് മാറാൻ തയാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. എൽ.ഡി.എഫിൽ കാരാട്ട് റസാഖിന്റെ പേര് മുഖ്യ പരിഗണനയിലുണ്ട്. ആർ.ജെ.ഡി നേതാവായ സലിം മടവൂർ, വായോളി മുഹമ്മദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. കൊടുവള്ളിയിൽ മുസ് ലിം ലീഗിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെ.എം. ഷാജി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറയുന്നുണ്ടെങ്കിലും മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർഥികളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. മുൻ എം.എൽ.എ വി.എം ഉമ്മറിന്റെയും എം.എ. റസാഖിന്റെയും പേരുകളും ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫ് വൻ ആധിപത്യമാണ് നേടിയത്. കൊടുവള്ളി നഗരസഭയിലും ആറ് പഞ്ചായത്തുകളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനാണ് ഭരണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.