എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മുക്കം: എൽ.എസ്.എസ് പരീക്ഷ അവസാനിക്കുന്നതിന് 45 മിനിറ്റ് മുമ്പേ കുട്ടികളുടെ ഉത്തരക്കടലാസ് വാങ്ങിയ അധ്യാപികക്കെതിരെ കുട്ടികളും രക്ഷിതാക്കളും നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെ മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിലേക്ക് ബി.ജെ.പി പ്രവർത്തകരുടെ മാർച്ചും വൈകീട്ട് എം.എസ്.എഫ് ഉപരോധ സമരവും നടന്നു.
വൈകീട്ട് നാലോടെ എട്ടോളം വരുന്ന എം.എസ്.എഫ് പ്രവർത്തകർ മുന്നറിയിപ്പില്ലാതെ ഓഫിസിലെത്തി ഉപരോധ സമരം സംഘടിപ്പിക്കുകയായിരുന്നു. എ.ഇ.ഒ ഉൾപ്പെടെയുളള ഉദ്യോസ്ഥരെ പുറത്തിറങ്ങാൻ സമ്മതിക്കാത്ത വിധം വാതിലിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഷുഹൈബ് മലോറം, ജോ.സെക്രട്ടറി മിഥ് ലാജ് മുണ്ടുപാറ, ട്രഷറർ സൽസാൽ കൂടരഞ്ഞി, മുബഷീർ, ഷഹീം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ബി.ജെ.പി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മാർച്ച് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പൊലീസ് തടഞ്ഞതോടെ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്.
മാർച്ച് യുവമോർച്ച ജില്ല പ്രസിഡന്റ് വി.ശ്രീഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ് അഖിൽ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ് ജിതേഷ്, സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം ജെ അഗസ്റ്റിൻ, ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രജീഷ് പൂക്കാട്ട്, പ്രമോദ്കുമാർ, തങ്കച്ചൻ, ബിനോജ് ചേറ്റൂർ, ജില്ലാകമ്മിറ്റി അംഗങ്ങളായ സി.സുന്ദരൻ, സി.കെ വിജയൻ, സവിൻകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ ശ്രീധരൻ, അനുഷാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.