എഫ്.സി.ഐയിൽ ലോക്ഡൗൺ ലംഘനം: സി.പി.എം കൗൺസിലറുടെ പേരിൽ കേസ്

പയ്യോളി: ദേശീയപാതയിൽ തിക്കോടിയിലെ ഫുഡ് കോർപറേഷൻ ഗോഡൗണിനു മുന്നിൽ വീണ്ടും ലോക് ഡൗൺ ലംഘനം. ലോറിത്തൊഴിലാളികൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടമായിനിന്നതിൻെറ പേരിൽ ടേൺ മാസ്റ്റർ ജോലിയിലുണ്ടായിരുന്ന പയ്യോളി നഗരസഭ കൗൺസിലർ കെ.എം രാമകൃഷ്ണൻെറ പേരിലാണ് പൊലീസ് കേസെടുത്തത്. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ സെക്രട്ടറിയായ രാമകൃഷ്ണൻ നഗരസഭയിലെ നാലാം ഡിവിഷൻ കൗൺസിലറാണ്. എഫ്.സി.ഐക്കു മുന്നിൽ റേഷനരി ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോറിത്തൊഴിലാളികളടക്കമുള്ളവർ ഗേറ്റിനു മുന്നിൽ കൂട്ടംകൂടിനിന്നത് ഇതുവഴി വന്ന പയ്യോളി എസ്.ഐ. പി.എം. സുനിൽകുമാറിൻെറ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസ് രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ തൊഴിലാളികൾ ജോലി നിർത്തിവെച്ച് പ്രതിഷേധിച്ചു. അറസ്റ്റുചെയ്ത രാമകൃഷ്ണനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എഫ്.സി.ഐക്കു മുന്നിൽ ലോറി ഡ്രൈവർമാർ വട്ടം കൂടിനിന്ന് ലോക്ഡൗൺ ലംഘനം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഏപ്രിൽ ആറിന് എഫ്.സി.ഐയിലെ ലോറിത്തൊഴിലാളികൾ സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് കലക്ടറുടെ ഉത്തരവുപ്രകാരം തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.