പഴയങ്ങാടി: നിർത്തിവെച്ച റോഡുകളുടെയും പാലത്തിൻെറയും പ്രവൃത്തികൾ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വിധേയമായി നടത്തുന്നതിന് പ്രത്യേകാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. എരിപുരം -വെങ്ങര-മുട്ടം -പാലക്കോട് റോഡ്, കോലത്തുവയൽ-പാളിയത്തുവളപ്പ്- ചെറുവാന്തോട്ടം- വെള്ളിക്കൽ റോഡ്, കിഫ്ബി റോഡുകളായ ചന്തപ്പുര- മെഡിക്കൽ കോളജ്-ശ്രീസ്ത- വെള്ളിക്കീൽ- ഒഴക്രോം-കണ്ണപുരം റോഡ്, കുപ്പം -ചുടല -പാണപ്പുഴ- കണാരംവയൽ റോഡ്, ഏഴിലോട് -കുഞ്ഞിമംഗലം െറയിൽവേ സ്റ്റേഷൻ- പുതിയ പുഴക്കര എന്നീ റോഡ് പ്രവൃത്തികൾക്കാണ് അനുമതി. കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലം നിർമാണം, പൂരക്കടവ് െറഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം എന്നീ പ്രവൃത്തികൾക്കും മാട്ടൂൽ കടൽഭിത്തി നിർമാണത്തിനും അനുമതി നൽകിയിട്ടുണ്ട്. മാടായി, മാട്ടൂൽ പഞ്ചായത്തുകളെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ഈ പഞ്ചായത്തുകളിലെ പ്രവൃത്തികളും ഉടൻ ആരംഭിക്കണമെന്ന് ബന്ധപ്പെട്ട കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു. എരിപുരം-മുട്ടം റോഡിൻെറ പ്രവൃത്തി, കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലം നിർമാണം, പൂരക്കടവ് െറഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം എന്നീ പ്രവൃത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.