പന്തീരാങ്കാവ്: ബാങ്ക് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ അംഗങ്ങൾ നൽകിയ പരാതിയിൽ നടന്ന അന്വേഷണങ്ങളുടെ ഭാഗമാ യി പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് ജോയൻറ് രജിസ്ട്രാർ ജനറലിൻെറ ഉത്തരവ്. സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണനാണ് ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. പരാതിയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തുകയായിരുന്നു. പുതിയ ഭരണസമിതിയെ ആഗസ്റ്റ് നാലിന് തെരഞ്ഞെടുക്കും. കഴിഞ്ഞ ഡിസംബറിലാണ് ബാങ്കിലെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് മെംബർഷിപ്, കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരിൽ മെംബർഷിപ്, തുടങ്ങാത്ത ബ്രാഞ്ചിൻെറ പേരിൽ വാടക അഡ്വാൻസും കെട്ടിട വാടകയും, ഈട് സ്വർണം ലേലം ചെയ്തതിൽ 89 ലക്ഷം രൂപയുടെ നഷ്ടം, രേഖകളില്ലാതെ ലോണുകൾ അനുവദിക്കൽ, 3.5 ലക്ഷം മുടക്കി മൈക്രോ എ.ടി.എം മെഷീൻ വാങ്ങിയിട്ടും ഉപയോഗിച്ചില്ല എന്നിവയായിരുന്നു പ്രധാന കണ്ടെത്തലുകൾ. ജനകീയ മുന്നണിയുടെ ലേബലിൽ കോൺഗ്രസ് -ബി.ജെ.പി സഖ്യമാണ് ഏറെക്കാലമായി ബാങ്ക് ഭരിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ടി.എം. ചന്ദ്രൻ പ്രസിഡൻറും ബി.ജെ.പിയുടെ എൻ. ആനന്ദൻ വൈസ് പ്രസിഡൻറുമായിരുന്ന ഭരണസമിതിയാണ് പുറത്തായത്. സസ്പെൻഷൻ കാലാവധിക്കിടയിൽതന്നെ സഹകരണ വകുപ്പ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജൂലൈ 17ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസമാണ്. തലേദിവസം ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ നിലവിൽ ഡയറക്ടർമാരായിരുന്നവർക്ക് മത്സരിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്. ജോയൻറ് രജിസ്ട്രാറുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.