ഈ കളി ജീവിതങ്ങൾ രക്ഷിക്കാൻ...

കുന്ദമംഗലം: കാൽപന്തുകളിയെ ആതുരസേവനത്തിന്റെ കൂടി കളിത്തട്ടാക്കിയതോടെ വരണ്ടുണങ്ങിയ പല ജീവിതങ്ങളിലും പുതുനാമ്പുകൾ കിളിർത്തുതുടങ്ങുകയാണ്. സാൻഡോസ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റാണ് കാൽപന്തുകളിക്ക് പുതിയൊരു കളിയഴക് പകരുന്നത്.

ഓരോ ദിവസവും കളിക്കളത്തിൽ ആളുകളും ആവേശവും വർധിക്കുമ്പോൾ സംഘാടകരുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും ആഹ്ലാദവും വർധിക്കുകയാണ്. ഗുരുതര രോഗം ബാധിച്ചവർക്കുള്ള സഹായത്തിനായി കളി കാണാനെത്തുന്നവരിൽനിന്ന് ഒരു ദിവസം സഹായം തേടിയപ്പോൾ മികച്ച പ്രതികരണമായിരുന്നു സുമനസ്സുകളിൽനിന്ന് ഉണ്ടായത്. പറ്റുംവിധം ചെറുതും വലുതുമായ തുകകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഏതാനും ആഴ്ചയായി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. സാൻഡോസ് അധികൃതരുടെ സഹായ സഹകരണത്തോടെയാണ് രോഗികളുമായി ബന്ധപ്പെട്ടവർ കളിയുടെ ഇടവേളകളിൽ പണം സ്വരൂപിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിന് മൈക്ക് പോയന്റിൽനിന്ന് അറിയിപ്പ് വരുന്ന മുറക്ക് ഗാലറിയിൽനിന്ന് സാധാരണക്കാരായ നിരവധി മനുഷ്യർ സംഘാടകരോടൊപ്പം അണിനിരക്കും. നിമിഷങ്ങൾക്കകം ബക്കറ്റ് പിരിവും ഗൂഗിൾ പേയും നടക്കും. ഒരു വിദ്യാർഥിയുടെ ചികിത്സക്കു വേണ്ടിയുള്ള പിരിവിന് അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, എൻ.എസ്.എസ് വളന്റിയർമാർ എന്നിവരും അണിനിരന്നിരുന്നു.

ഹൃദയമാറ്റ ശസ്‌ത്രക്രിയ, അർബുദ രോഗം, ഗുരുതര പരിക്കേറ്റ വ്യക്തി, വൃക്ക തകരാറിലായയാൾ തുടങ്ങിയവർക്ക് വേണ്ടിയാണ് ഫണ്ട് കലക്ഷൻ നടന്നത്. ജാതി-മത ഭേദമന്യേ പല സ്ഥലങ്ങളിൽ നിന്ന് വരുന്ന നൂറു കണക്കിന് കാണികളാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. രോഗ ബാധിതർക്ക് ഹൃദയത്തിൽ തൊട്ട പിന്തുണ അവർ ഗാലറിയിൽനിന്ന് നൽകുന്നു. മികച്ച സംഘാടനംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Football game for charity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.