കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് ജീവനക്കാരില്ലാതെ അടച്ചിട്ടതിനെത്തുടർന്ന് കൊറിയർ സ്വീകരിക്കാനെത്തിയ ഉപഭോക്താക്കൾ പ്രതിഷേധിക്കുന്നു

ജീവനക്കാരില്ലാതെ അടച്ചിട്ട് കെ.എസ്.ആർ.ടി.സി കൊറിയർ; വെട്ടിലായി ഗുണഭോക്താക്കൾ

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ലോജിസ്റ്റിക് കൊറിയർ സർവിസ് ജീവനക്കാരില്ലാതെ അടച്ചിട്ടതോടെ കൊറിയർ ഗുണഭോക്താക്കൾ വെട്ടിലായി. രാവിലെ മുതൽ കൊറിയർ സ്വീകരിക്കാനെത്തിയവർക്ക് കൃത്യമായ മറുപടി കൊടുക്കാൻപോലും ആരുമുണ്ടായിരുന്നില്ല. ആന്ധ്ര ആസ്ഥാനമായ സിങ്കു സൊലൂഷൻസ് ഏറ്റെടുത്ത കൊറിയർ സർവിസ് ഓഫിസിൽ ചൊവ്വാഴ്ച രാവിലെ മുതലുള്ള ഷിഫ്റ്റിൽ ജീവനക്കാരെത്താത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.

ഇതോടെ രാവിലെ മുതൽ കൊറിയർ സ്വീകരിക്കാനെത്തിയവർ വെട്ടിലായി. വയനാട്ടിൽനിന്ന് എത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് പറഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാർ കൈയൊഴിഞ്ഞതോടെ ഉപഭോക്താക്കൾ ക്ഷുഭിതരായി. ആളുകൾ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി പറഞ്ഞു. ഇതിലും പരിഹാരമാവാതിരുന്നതോടെ നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകി.

വൈകീട്ട് നാലരയോടെ പൊലീസ് എത്തിയെങ്കിലും കൊറിയർ വിട്ടുകൊടുക്കാൻ നടപടിയായില്ല. ഇതിനിടെ കൊറിയർ സ്വീകരിക്കാൻ എത്തിയ പലരും മടങ്ങിപ്പോയി. പിന്നീട് മന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടൽ ഉണ്ടാവുകയും വൈകീട്ട് ആറോടെ കമ്പനി ജീവനക്കാരെ എത്തിക്കുകയുമായിരുന്നു. വിലെ 10 മുതൽ കാത്തിരുന്നവർക്ക് വൈകീട്ട് ആറിനു ശേഷമാണ് കൊറിയറുകൾ വിട്ടുകൊടുത്തത്.

മൂന്നുദിവസം മുമ്പ് കോട്ടയത്തേക്ക് അയക്കാൻ ഏൽപിച്ച പാസ്പോർട്ട്, വിസ അടക്കമുള്ള രേഖകൾ വരെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനു പുറത്ത് യാതൊരു സുരക്ഷയുമില്ലാതെ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച ഏൽപിച്ച കൊറിയർ തിങ്കളാഴ്ച വൈകീട്ട് കോട്ടയത്ത് എത്തേണ്ടതായിരുന്നു. കൊറിയർ അയക്കാൻ വൈകിയത് കാരണം ഗൾഫിലേക്കുള്ള യാത്ര മുടങ്ങിയതായും ടിക്കറ്റ് കാഷ് നഷ്ടപ്പെട്ടതായും ട്രാവൽ ഏജന്‍റ് അറിയിച്ചു.

അടിയന്തരമായി ലഭിക്കേണ്ട മരുന്നും സർജിക്കൽ ഉപകരണങ്ങളുമടക്കം കൊറിയറായി വന്ന് കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കൊറിയർ സർവിസ് നടത്തിപ്പ് കെ.എസ്.ആർ.ടി.സിയിൽനിന്ന് സിങ്കു സൊലൂഷൻസ് ഏറ്റെടുത്തതോടെ കൊറിയറുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരിക്കുകയാണ്.

Tags:    
News Summary - KSRTC courier closed without employees; beneficiaries hit hard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.