മാസങ്ങൾ കഴിഞ്ഞിട്ടും തകർന്ന പാലം പുനർനിർമിച്ചില്ല; ജനങ്ങൾ ആശങ്കയിൽ

തലക്കുളത്തൂർ: ചേളന്നൂർ -തലക്കുളത്തൂർ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പൊങ്ങിലോടിപ്പാറ- മുക്കത്തു താഴം ബണ്ട് പാലത്തിൻെറ തകർന്നുപോയ ഭാഗം പുനർനിർമാണം നടത്താത്തതിനാൽ യാത്ര അനിശ്ചിതത്വത്തിലാവുന്നു. നാലു മാസം മുമ്പ് ഒരു ടിപ്പർ ലോറി പാലത്തിലൂടെ കടന്നുപോകുന്നതിനിടെ ബണ്ടിൻെറ കോൺക്രീറ്റ് സ്ലാബ് പുഴയിലേക്ക് തകർന്നു വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ബണ്ട് പാലത്തിൻെറ പുനർനിർമാണത്തിന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. പാലം തകർന്നുവീണ ഭാഗത്ത് നാട്ടുകാർ തെങ്ങും മരവും ഉപയോഗിച്ച് താൽക്കാലിക പാലം നിർമിച്ചിരിക്കുകയാണ്. സുരക്ഷിതത്വമില്ലാത്ത ഇതിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. ഇത് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്. മാത്രമല്ല, മഴക്കാലത്ത് ഇതിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമാകും. വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നതും ഈ വഴിയിലൂടെയാണ്. അധ്യയന വർഷമാരംഭിക്കുമ്പോൾ ഈ ഗ്രാമത്തിലെ വിദ്യാർഥികൾ ഒറ്റപ്പെടുന്ന അവസ്ഥയാകുമോ എന്ന പേടിയും ഓരോ രക്ഷിതാക്കളും പങ്കുവെക്കുന്നു. ബണ്ട് പാലം തകർന്നതോടെ പുഴയിലെ ഉപ്പുരസം കലർന്ന വെള്ളം കയറി കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കുന്ന അവസ്ഥയിലായി. ഉപ്പുവെള്ളം കയറാതിരിക്കാൻ വി.ബി.സിയും യാത്രാ സൗകര്യവുമുള്ള രീതിയിലായിരുന്നു പാലം നിർമിച്ചത്. ഇനി പാലവും ബണ്ടും പൂർണമായി പുതുക്കിപ്പണിയുക മാത്രമേ വഴിയുള്ളൂ. ജലസേചന വകുപ്പിന് നിവേദനം നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു പരിഹാരവും ആയിട്ടില്ല. പാലത്തിനോട് ചേർന്ന ബണ്ട് റോഡ് ചെമ്മൺ പാതയാണ്. പാലം പുനർനിർമിക്കുന്നതോടൊപ്പം 200 മീറ്റർ നീളമുള്ള ഈ റോഡിൻെറ നവീകരണവും പൂർത്തീകരിക്കേണ്ടതുണ്ട്. തലക്കുളത്തൂർ, അത്തോളി പ്രദേശങ്ങളെ കക്കോടി, ചേളന്നൂർ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എളുപ്പത്തിലുള്ള യാത്രാമാർഗം കൂടിയാണിത്. കൂടാതെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശവുമാണ്. ബണ്ട് പാലത്തിൻെറ ശോച്യാവസ്ഥക്ക് പെട്ടെന്ന് പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് ഇറങ്ങേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.