നാദാപുരം: മാലിന്യ നിർമാർജന വിഷയത്തിൽ നിലപാട് കടുപ്പിച്ച് ജില്ല കലക്ടർ വീണ്ടും നടത്തിയ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് നാദാപുരത്തുകാർ. മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ സമരം നടത്തുന്നവരെ ദുരന്ത നിവാരണ ആക്ട് പ്രകാരം പൊലീസിനെ ഉപയോഗിച്ച് നേരിടുമെന്നാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗത്തിൽ കലക്ടർ അറിയിച്ചത്. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് കലക്ടർ യോഗം വിളിച്ചത്. കലക്ടറുടെ പുതിയ ഉത്തരവ് പൂട്ടിക്കിടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് വക പാലോംചാല കുന്നിലെ പ്ലാൻറ് തുറക്കാൻ സഹായകരമാകുമോ എന്നാണ് നാദാപുരത്തുകാർ ഉറ്റുനോക്കുന്നത്. രൂക്ഷമായ മാലിന്യ പ്രശ്നവും ആരോഗ്യ പ്രശ്നവും ഉന്നയിച്ച് പ്ലാൻറ് പരിസരവാസികൾ നടത്തിയ ഉപരോധ സമരം കാരണമാണ് രണ്ടുവർഷം മുമ്പ് പ്ലാൻറ് പൂട്ടേണ്ടിവന്നത്. പുതിയ സാഹചര്യത്തിൽ കലക്ടറുടെ ഉത്തരവ് പാലിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയാറാവേണ്ടി വരുമെന്നാണ് അറിയുന്നത്. പ്രധാന ടൗണുകളിലും ഉൾപ്രദേശങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ കുമിഞ്ഞുകൂടി ദുരിതം പേറുന്ന നാട്ടുകാർ പ്രശ്നപരിഹാരം ത്വരിതപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.