പേരാമ്പ്ര: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിപ്രകാരം വീട് അനുവദിക്കുന്നില്ലെന്നാരോപിച്ച് 12ാം വാർഡിലെ താമസക്കാരിയായ ചേരിക്കത്തോട്ടത്തിൽ കല്ലുടുമ്പിൽ ജമീലയും ആലക്കാട്ട് ബിജുവും ശനിയാഴ്ച മുതൽ ഗ്രാമപഞ്ചായത്ത് ഒാഫിസിനു മുന്നിൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല നിരാഹാരസമരം വീട് ലഭ്യമാക്കുമെന്ന അധികാരികളുടെ ഉറപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഗ്രാമപഞ്ചായത്ത് ഒാഫിസിൽ പ്രസിഡൻറ് വിൻസി തോമസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മതിയായ മുഴുവൻ രേഖകളും നൽകിയിട്ടും അർഹരായ തങ്ങളെ ലൈഫ് പദ്ധതിയിൽനിന്ന് ഒഴിവാക്കിയെന്നാണ് ഇരു കുടുംബങ്ങളുടെയും ആക്ഷേപം. ഇതേക്കുറിച്ച് കലക്ടർക്ക് പരാതിയും നൽകിയിരുന്നു. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചതായും എന്നാൽ, ബന്ധപ്പെട്ടവർ ഇത് അവഗണിച്ചുവെന്നുമാണ് ഇവർ ആരോപിച്ചത്. ബിജുവിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതി ലഭിച്ചതായും ജമീലക്ക് റേഷൻ കാർഡ് ഇല്ലാത്തതുമാണ് പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ കാരണമെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ, ലൈഫ്മിഷൻ സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച്, റേഷൻ കാർഡ് ഇല്ലാത്തതിെൻറ പേരിൽ അർഹതയുള്ള ഒരു കുടുംബത്തെയും ഗുണഭോക്തൃ ലിസ്റ്റിൽനിന്ന് ഒഴിവാക്കരുതെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യമാണ് ജമീലയുടെ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.