*വിലകുറച്ച് വിൽക്കാനാവില്ലെന്ന് വ്യക്തമാക്കി അസോസിയേഷൻ *പ്ലാസ്റ്റിക് കുപ്പിയുടെ വിലകൂടിയെന്ന് വാദം അമ്പലവയൽ: ഏപ്രിൽ രണ്ട് മുതൽ സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെള്ളം 12 രൂപക്ക് ലഭ്യമാക്കുമെന്ന കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷെൻറ തീരുമാനം മാസം അവസാനമാകുമ്പോഴും സംസ്ഥാനത്ത് നടപ്പായില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ വിലകൂടിയ സാഹചര്യത്തിൽ വിലകുറച്ച് കുപ്പിവെള്ളം വിൽക്കാനാകില്ലെന്ന് ബോട്ടിൽഡ് വാട്ടർ നിർമാണ കമ്പനികളുടെ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ തീരുമാനപ്രകാരം ഏപ്രിൽ രണ്ടിനു ശേഷം വിപണിയിലിറക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപ എന്ന് രേഖപ്പെടുത്തുമെന്നും നിലവിൽ എം.ആർ.പി 20 രേഖപ്പെടുത്തിയ ഒരു ലിറ്റർ കുപ്പിവെള്ളവും ഏപ്രിൽ രണ്ടിനു ശേഷം ഉപഭോക്താവിന് 12 രൂപക്ക് നൽകുമെന്നുമായിരുന്നു തീരുമാനം. എന്നാൽ, യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ പ്രഖ്യാപനം ഉപഭോക്താക്കളും ചില്ലറ വിൽപനക്കാരും തമ്മിൽ വിലയെച്ചൊല്ലിയുള്ള തർക്കം ഉണ്ടാക്കിയതല്ലാതെ മിക്ക ജില്ലകളിലും വില കുറഞ്ഞ കുപ്പിവെള്ളം ലഭ്യമായില്ല. ഇക്കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ ചേർന്ന കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷെൻറ യോഗത്തിൽ 84 അംഗങ്ങൾ പങ്കെടുക്കുകയും വില കുറക്കാനുള്ള തീരുമാനം വോട്ടിങ്ങിലൂടെ നടപ്പാക്കുകയുമായിരുന്നു. 84 അംഗങ്ങളിൽ 64 പേരും അനുകൂലമായി വോട്ടു ചെയ്തതിെൻറ അടിസ്ഥാനത്തിലായിരുന്നു വിലകുറക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. തീരുമാനത്തോട് വിതരണക്കാരും, വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിക്കാതെ ആയതോടെ പിന്നീട് അസോസിയേഷനിൽ തന്നെ തീരുമാനം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അസോസിയേഷനിലും ഭിന്നത വന്നതിനാലാണ് തീരുമാനം നടപ്പിലാക്കാൻ കഴിയാതിരുന്നതെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.ഇ. മുഹമ്മദ് പറഞ്ഞു. നിലവിൽ ഈ മേഖലയിൽ സംസ്ഥാനത്ത് 150 കമ്പനി ലൈസൻസികളുണ്ടെന്നും അതിൽ 100ലധികം പേർ അസോസിയേഷനിൽ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 2012 വരെ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയായിരുന്നു വില. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ കടന്നുവരവോടെ കുപ്പിവെള്ളത്തിന് വില ഒറ്റയടിക്ക് 20 രൂപയാക്കി വർധിപ്പിക്കുകയായിരുന്നു. പെട്രോൾ വില വർധിച്ച സാഹചര്യത്തിൽ പെട്രോളിയം ഉൽപന്നമായ പ്ലാസ്റ്റിക് കുപ്പിക്ക് നിലവിലെ 3.16 രൂപ എന്നത് 4.16 രൂപയായി വർധിച്ച സാഹചര്യത്തിൽ 12രൂപക്ക് ഒരു ലിറ്റർ കുപ്പിവെള്ളം നൽകാൻ ഇനി കഴിയില്ലെന്നും എം.ഇ. മുഹമ്മദ് വ്യക്തമാക്കി. എന്നാൽ, വയനാട് ജില്ലയിൽ അസോസിയേഷൻ തീരുമാനപ്രകാരം അസോസിയേഷനിലെ തന്നെ മൂന്ന് കമ്പനികൾ 12രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം വിതരണത്തിനെത്തിച്ചു തുടങ്ങിയെങ്കിലും ലാഭം കുറവായതിനാൽ കച്ചവടക്കാർ വിൽപനക്കെടുക്കാൻ മടിക്കുകയാണെന്നാണ് വിതരണക്കാർ പറയുന്നത്. എന്നാൽ, വിലകുറച്ച് വിൽപന നടത്തുമ്പോൾ തങ്ങളുടെ ലാഭത്തിൽ മാത്രമാണ് കുറവുവരുന്നതെന്നും വിതരണക്കാർ 20 രൂപക്ക് വിൽപന നടത്തുമ്പോൾ നൽകിയ അതേ വിലക്ക് തന്നെയാണ് 12രൂപക്ക് ഉപഭോക്താവിന് നൽകേണ്ട കുപ്പിവെള്ളം കച്ചവടക്കാർക്ക് നൽകുന്നതെന്നുമാണ് കച്ചവടക്കാരുടെ മറുവാദം. 20 രൂപയുടെ കുപ്പിവെള്ളവും 12രൂപയുടെ കുപ്പിവെള്ളവും വിതരണക്കാരിൽനിന്നും ഒേര വിലക്ക് വാങ്ങിവെക്കുമ്പോൾ നഷ്ടം തങ്ങൾക്ക് മാത്രമാണെന്നാണ് വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.