കരാറെടുത്ത കമ്പനിക്കാർ ആവശ്യമായ ഓപറേറ്റർമാരെ നിർത്തിയില്ല കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുള്ളവർക്കായി കുറ്റ്യാടിയിൽ നടത്തിയ ഇൻഷുറൻസ് കാർഡ് പുതുക്കലിനിടെ ബഹളവും കൈയാങ്കളിയും. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടിക്കായി നേരത്തെവന്ന് ടോക്കണെടുത്ത് കാത്തിരുന്നവർക്ക് സന്ധ്യയോടടുത്തിട്ടും പോകാൻ കഴിയാത്തതാണ് ബഹളത്തിനിടയാക്കിയത്. 400ഒാളം പേർക്ക് ടോക്കൺ നൽകിയിരുന്നു. ഒരു സൂപ്പർവൈസറും ഒരു ഓപറേറ്ററും മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സ്വകാര്യ കമ്പനിയാണ് ഫോട്ടോ എടുക്കലും മറ്റും കരാറെടുത്ത് നടത്തുന്നത്. അത്യുഷ്ണം സഹിച്ച് കൈകുഞ്ഞുങ്ങളെയടക്കം എടുത്ത് കാത്തിരുന്ന കുടുംബങ്ങൾക്ക് വൈകുന്നേരമായിട്ടും ഫോട്ടോയെടുത്ത് പോകാനായില്ല. കുറ്റ്യാടി കമ്യൂണിറ്റി ഹാളിൽ ഒറ്റ ലൈറ്റും ഉണ്ടായിരുന്നില്ല. ആവശ്യത്തിന് ഫാനുമില്ല. വൈകീട്ട് പ്രശ്നം സംഘർഷത്തിലെത്തിയതോടെ കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. നാണുവും കുറ്റ്യാടി പൊലീസും സ്ഥലത്തെത്തി. ഗുണഭോക്താക്കളും കരാറുകാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവശേഷിക്കുന്ന കുറച്ചുപേർക്ക് രാത്രിയും ബാക്കിയുള്ളവർക്ക് മേയ് അഞ്ചിനും എടുക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.