വിഷു: പടക്കവിപണി ഉണർന്നു

കോഴിക്കോട്: വിഷുവിപണിയെ ഉണർത്തി നഗരത്തിൽ പടക്കകച്ചവടം സജീവമായി. പുതിയങ്ങാടി, അത്താണിക്കൽ കേന്ദ്രീകരിച്ചാണ് പടക്കവിപണി സജീവമായതെങ്കിലും മറ്റു ഭാഗങ്ങളിലും പടക്കക്കടകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പതിവുപോലെ ശബ്ദങ്ങളെക്കാൾ വർണക്കാഴ്ചയൊരുക്കുന്ന ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെയുള്ളത്. ആകാശത്ത് പൊട്ടി പൂക്കൾപോലെ വർണം വിതറുന്ന ഇനങ്ങൾക്ക് മികച്ച പ്രതികരണമാണെന്നാണ് കച്ചവടക്കാർ പറയുന്നത്. കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, ചക്രം, കയർ, പൂവ് തുടങ്ങിയവ തന്നെയാണ് പതിവുപോലെ വിഷുപ്പടക്കങ്ങളിലെ താരങ്ങൾ. ശിവകാശിയിലെ അയ്യൻസ്, ശ്രീ രമേഷ്, ഗണേഷ്, ഗുരുലക്ഷ്മി, വേൽസ്, കാളീശ്വരി തുടങ്ങിയ കമ്പനികളുെട പടക്കങ്ങളാണ് കോഴിക്കോടൻ വിപണിയിൽ ഏറെയുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് കാര്യമായ വിലവർധനയില്ല. കോമ്പല ആയിരം എണ്ണത്തി​െൻറ മാലക്ക് 475 രൂപയും രണ്ടായിരത്തി​െൻറ മാലക്ക് 930 രൂപയുമാണ് വില. കമ്പിത്തിരിക്ക് പാക്കറ്റിന് 10 മുതൽ 60 രൂപ വരെയാണ് വില. കയർപിരിയുടെ പെട്ടിക്ക് 35 രൂപയാണ് വില. പൂക്കുറ്റി ആറു രൂപ മുതൽ 55 രൂപ വരെയും നിലച്ചക്രത്തിന് അഞ്ചു മുതൽ 20 രൂപ വരെയുമാണ് വില. ചൈനീസ് മാതൃകയിലുള്ള അപകടങ്ങൾ കുറഞ്ഞ പടക്കങ്ങൾക്കാണ് കൂടുതൽ പേർ എത്തുന്നതെന്ന് മലബാർ ക്രിസ്ത്യൻ കോളജിനു സമീപത്തെ പടക്കക്കട ഉടമ പി. ഹരിദാസ് പറഞ്ഞു. വിഷുവി​െൻറ തൊട്ടുമുമ്പുള്ള മൂന്നുനാല് ദിവസങ്ങളിലാണ് കച്ചവടം കൂടുതൽ സജീവമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.