വന്യമൃഗ പ്രതിരോധം: വടക്കനാട് ഉന്നതാധികാര സമിതി സന്ദര്‍ശിച്ചു

സുൽത്താൻ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ വടക്കനാട് പ്രദേശങ്ങൾ ഉന്നതാധികാര സമിതി സന്ദര്‍ശിച്ചു. വന്യമൃഗശല്യത്തിന് പ്രതിരോധമൊരുക്കുന്നതി​െൻറ ഭാഗമായാണ് ഐ.സി. ബാലകൃഷ്‌ണന്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും വടക്കനാട്‌ ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളുമടങ്ങുന്ന ഉന്നതാധികാര സമിതി പ്രദേശത്തെ വനാതിര്‍ത്തി മേഖലകളിൽ സന്ദർശനം നടത്തിയത്.‌ വടക്കനാട്‌ ഗവ. എൽ.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിനുശേഷം ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സന്ദർശനം. വന്യമൃഗ പ്രതിരോധ പ്രവർത്തനം നടപ്പാക്കുന്നതു സംബന്ധിച്ച് ഈ മാസം 15ന് സർക്കാറിന് വിശദ റിപ്പോർട്ട് നൽകുമെന്ന് സമിതി അറിയിച്ചു. ആന ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ വനാതിര്‍ത്തികളില്‍ കരിങ്കല്‍ഭിത്തി നിര്‍മിക്കാനാണ്‌ പ്രഥമ പരിഗണന നല്‍കുന്നത്‌. മതില്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ റെയില്‍പാളങ്ങള്‍ ഉപയോഗിച്ചുള്ള വേലിയും സോളാർ ഫെന്‍സിങ്ങും സ്ഥാപിക്കും. തുടര്‍ന്ന്‌ ആഗസ്‌റ്റോടെ പ്രതിരോധപ്രവര്‍ത്തനം ആരംഭിക്കും. ഇതിനു പുറമെ ലീസ്‌ ഭൂമി, ജണ്ട സ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഞ്ചായത്ത്‌ പ്രസിഡൻറ് അധ്യക്ഷനായ ജാഗ്രതസമിതിയിൽ ചര്‍ച്ച നടത്തി പരിഹാരം കാണാനും തീരുമാനിച്ചു. വടക്കനാട്‌ മേഖലയിലെ 32 കിലോമീറ്റര്‍ പരിധിയിൽ ഓടപ്പള്ളം, വള്ളുവാടി, വടക്കനാട്‌, മാടക്കുണ്ട്‌, കരിപ്പൂർ, പച്ചാടി, പണയമ്പം, മണലാടി തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. നൂൽപുഴ പഞ്ചായത്ത്‌ പ്രസിഡൻറ് കെ. ശോഭന്‍കുമാർ, ഡി.എഫ്‌.ഒ എന്‍.ടി. സാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയ വടക്കനാട്ടുകാര്‍ കഴിഞ്ഞമാസം വന്യജീവി സങ്കേതം മേധാവിയുടെ ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്നു. ശാശ്വത പ്രതിരോധമാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു ജനകീയ സമരത്തി​െൻറ ആവശ്യം. തുടര്‍ന്ന്‌ മാര്‍ച്ച്‌ 27ന്‌ തിരുവനന്തപുരത്ത്‌ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ വടക്കനാട്‌ പ്രദേശത്ത്‌ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനി‌ച്ചത്‌. ഇതി​െൻറ ആദ്യഘട്ടമായാണ്‌ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സ്ഥലസന്ദര്‍ശനം നടത്തിയത്‌. 'വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണം' സുൽത്താൻ ബത്തേരി: വടക്കനാട് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി നാടുകടത്തണമെന്ന് ആവശ്യം. ജനപ്രതിനിധികളുടെയും വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെയും വടക്കനാട്‌ ഗ്രാമസംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തി‌ല്‍ ചേര്‍ന്ന യോഗത്തിലാണ്‌ ആനയെ മയക്കുവെടിവെച്ച് പിടികൂടി മാറ്റണമെന്ന്‌ ആവശ്യമുയര്‍ന്നത്‌. റേഡിയോ കോളര്‍ ഘടി‌പ്പിച്ചിട്ടും കൊമ്പന്‍ സ്ഥിരമായി ജനവാസകേന്ദ്രത്തിലിറങ്ങി വിളകള്‍ നശിപ്പിക്കുകയും ജനങ്ങളുടെ നേരെ ഓടിയടുക്കുകയും ചെയ്യുന്നു. ആനയെ മയക്കുവെടിവെച്ചു പിടികൂടി പ്രദേശത്തുനിന്ന് നീക്കണമെന്ന്‌ യോഗത്തിനെത്തിയവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് വടക്കനാട് സ്കൂളിൽ യോഗം ചേർന്നത്. നാട്ടുകാരുടെ ആവശ്യം സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ഡി.എഫ്‌.ഒയെ ചുമതലപ്പെടുത്തി. ഒരാഴ്‌ചക്കകം അനുകൂല മറുപടി നേടിയെടുക്കാമെന്ന്‌ െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ യോഗത്തില്‍ പറഞ്ഞു. ശല്യക്കാരായ ആനകളെ തുരത്തുന്നതിനായി റബർ ബുള്ളറ്റ്‌ ഉപയോഗിക്കാനുള്ള അനുമതിക്കായി ജില്ല പൊലീസ്‌ മേധാവിയോട്‌ അനുമതി തേടിയിട്ടുെണ്ടന്ന് ഡി.എഫ്‌.ഒ പറഞ്ഞു. നൂൽപുഴ പഞ്ചായത്ത്‌ പ്രസിഡൻറ് കെ. ശോഭന്‍കുമാർ അധ്യക്ഷത വഹിച്ചു. ഐസി. ബാലകൃഷ്‌ണന്‍ എം.എൽ.എ, ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളായ ബിന്ദു മനോജ്‌, എ.കെ. കുമാരൻ, എൻ.കെ. മോഹനൻ, അനീഷ്‌, സരോജിനി, ബെന്നി കൈനിക്കൽ, ഡി.എഫ്‌.ഒ എൻ.ടി. സാജൻ, റേഞ്ച്‌ ഓഫിസര്‍മാരായ ആർ. കൃഷ്‌ണദാസ്‌, ബാബുരാജ്‌, വടക്കനാട്‌ ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളായ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, കരുണാകരന്‍ വെള്ളക്കെട്ട്‌ എന്നിവരും നാട്ടുകാരും പങ്കെടുത്തു. മാര്‍ച്ച് 15നാണ്‌ പ്രദേശത്ത്‌ ഭീതിപരത്തി വിലസുകയും വാച്ചറെ കൊലപ്പെടുത്തുകയും ചെയ്‌ത കൊമ്പനെ വനംവകുപ്പ്‌ മയക്കുവെടിവെച്ചു പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചത്‌. എന്നാൽ, റേഡിയോ േകാളര്‍ ഘടിപ്പിച്ചതിനുശേഷവും കൊമ്പന്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നത്‌ തുടര്‍ക്കഥയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.