എൺപത്തി രണ്ടിലും തളരാതെ അക്ഷരവിദ്യക്കുപിന്നിൽ കൃഷ്ണൻ മാസ്​റ്റർ

അത്തോളി: പണ്ട് പത്താം ക്ലാസ് കഴിഞ്ഞാൽ ഇത്തിരിക്കാലം ടൈപ്പിങ്ങിനുപോകാത്ത വിദ്യാർഥികൾ ചുരുക്കമായിരുന്നു. അന്ന് ഫീസിനത്തിൽ മാസം രണ്ടുരൂപയിൽ നിന്ന് തുടങ്ങി ഇപ്പോൾ നൂറിരട്ടിയായിട്ടും കൃഷ്ണൻ മാസ്റ്ററുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ വരുന്നവരുടെ എണ്ണത്തിൽ കുറവില്ല. അത്തോളിയിൽ ആറു പതിറ്റാണ്ടുകാലം കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ടൈപ്പിങ്, ഷോർട്ട് ഹാൻഡ് പരിശീലനത്തിൽ തലമുറകളെ കൈപിടിച്ച് നയിച്ച കൃഷ്ണൻ മാസ്റ്റർ 82 വയസ്സിൽ എത്തി. 1959-ൽ െസപ്റ്റംബർ 20-നാണ് സി.എം. കൃഷ്ണൻ മാസ്റ്റർ വടകരയിൽ ടൈപ്പിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. ഈ കമ്പ്യൂട്ടർ യുഗത്തിലും പിടിച്ചുനിൽക്കുന്ന ആദ്യകാല ടൈപ്പിങ് ഗുരുക്കന്മാരുടെ ശ്രേണിയിലെ അപൂർവം ചിലരിലൊരാളാണ് ഇദ്ദേഹം. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിൽ ഈ രംഗത്ത് വിദ്യ അഭ്യസിച്ച 1800 ഓളം ശിഷ്യന്മാരുണ്ട്. മദ്രാസ് സെക്രേട്ടറിയറ്റ് കോഴ്സ് പാസായതിനുശേഷമാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് 1964ൽ അത്തോളിയിലേക്ക് മാറ്റുകയായിരുന്നു. അത്തോളിയിൽ ആരംഭിച്ച ആദ്യ ടൈപ്പ്റൈറ്റിങ് സ്ഥാപനമാണിത്. അക്കാലത്തെ യുവതീയുവാക്കളുടെ പ്രധാന തൊഴിൽ പരിശീലനമായിരുന്നു ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും. വില്ല്യാപ്പള്ളി, ഓർക്കാട്ടേരി, കൂമുള്ളി എന്നിവിടങ്ങളിൽ ഇദ്ദേഹം നേരേത്ത ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. അത്തോളിയിലെ സ്ഥാപനത്തിൽ ഇപ്പോൾ ഒമ്പത് മെഷീനുണ്ട്. കമ്പ്യൂട്ടറിലെ സൈറ്റ് മെത്തേഡിനേക്കാൾ ടൈപ്പിങ്ങിലെ ടച്ച് മെത്തേഡാണ് എളുപ്പമെന്ന് അദ്ദേഹം പറയുന്നു. 18 വിദ്യാർഥികൾ ഇപ്പോഴും സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. അവരെ പരിശീലിപ്പിക്കാൻ പ്രായം മറന്ന്, ദിവസവും ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്നു. കമ്പ്യൂട്ടർ യുഗമാണെങ്കിലും പി.എസ്.സിക്ക് സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ് തസ്തികകളുടെ യോഗ്യത ടൈപ്പ്റൈറ്റിങ്ങും ഷോർട്ട് ഹാൻഡും തന്നെയായതിനാൽ പലരും ഇപ്പോഴും എത്തുന്നുണ്ട്. എം.എൽ.എ കെ. ദാസൻ, പ്രഫ. സി.പി. അബൂബക്കർ, കോഴിക്കോട് കോടതിയിൽ നിന്ന് ശിരസ്തദാറായി പിരിഞ്ഞ കെ.പി. ഗോപിനാഥൻ എന്നിവർ ശിഷരാണ്. ഭാര്യ ദേവിയും പരിശീലകയായി മാസ്റ്റർക്കൊപ്പമുണ്ട്. എക്സിക്യൂട്ടിവ് എൻജിനീയറായ മകൻ സജീന്ദ്രനൊപ്പം അത്തോളിക്കാവിനടുത്താണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.