കുടിവെള്ള പൈപ്പ് പൊട്ടിയാൽ നന്നാക്കാൻ ആളില്ല: സർക്കാർ ഇടപെടണമെന്ന് ജില്ല വികസന സമിതി

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള ജലവിതരണ പൈപ്പുകൾ വിവിധ സ്ഥലങ്ങളിൽ പൊട്ടിയത് അറ്റകുറ്റപ്പണി നടത്താൻ കരാറുകാരെ ലഭ്യമല്ലാത്തതിനാലുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജില്ല വികസന സമിതി. കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടിയത് കാരണം വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുകയാണ്. മലബാർ മേഖലയിൽ കരാറുകാർ സമരത്തിലായതിനാൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കുന്നില്ല. നൂറിലധികം ഇടങ്ങളിൽ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. റോഡുകളും തകരുന്ന സാഹചര്യമാണുള്ളത്. പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. വടകര ഭാഗത്ത് ദേശീയപാതയിൽ തകർന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണി ഈ മാസം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞ മുക്കം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സബ് ട്രഷറി ഓഫിസ്, കൃഷി ഭവൻ, സബ് രജിസ്ട്രാർ ഓഫിസ് എന്നിവക്ക് മുറികൾ അനുവദിച്ചിട്ടുണ്ട്. ഉപ വിദ്യാഭ്യാസ ഓഫിസ്, ഫുഡ് സേഫ്റ്റി ഓഫിസ് എന്നിവക്കുകൂടി നടപടി സ്വീകരിക്കും. നാദാപുരം മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിനും ഉടൻ നടപടികളുണ്ടാവും. ഇവിടെ വൈദ്യുതിയും വെള്ളവും ലഭ്യമാവാത്തതാണ് ഓഫിസുകൾക്ക് പ്രവർത്തനം തുടങ്ങാൻ തടസ്സമാവുന്നത്. ഇതിനായുള്ള എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികളെ പഠിപ്പിക്കുന്നതിന്ന് സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി സർക്കാറിലേക്ക് ശിപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. കോരപ്പുഴ അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നതായി എ.ഡി.എം അറിയിച്ചു. നീക്കംചെയ്യുന്ന മണൽ സമീപപ്രദേശത്തെ ക്വാറികളിലേക്ക് മാറ്റാനാണ് നടപടി സ്വീകരിക്കുന്നത്. കല്ലാനോട് ഇറിഗേഷൻ വകുപ്പി​െൻറ അധീനതയിലുള്ള രണ്ട് ഏക്കർ സ്ഥലം മത്സ്യം വളർത്തലിനായി ഫിഷറീസ് വകുപ്പിന് കൈമാറുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ പ്രമേയം അവതരിപ്പിച്ചു. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.