പുൽപള്ളി: കടമാൻതോട് പദ്ധതിയുമായി ബന്ധപ്പെട്ട് നാട്ടുകാർ രണ്ടു ചേരിയിൽ. മഴക്കുറവുമൂലം പുൽപള്ളി മേഖലയിൽ ജലക്ഷാമം രൂക്ഷമാണിപ്പോഴും. ഈ സാഹചര്യത്തിൽ ജലസേചന ആവശ്യങ്ങൾക്ക് പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. കടമാൻതോട് പദ്ധതിയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി പുൽപള്ളിയിൽ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ, പദ്ധതിക്കെതിരെ പ്രകടനവുമാെയത്തിയ പദ്ധതിപ്രദേശത്തെ ആളുകൾ യോഗം അലങ്കോലപ്പെടുത്തിയിരുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ ജനപ്രതിനിധികളടക്കമുള്ളവർ ആയിരുന്നു കൂടുതലായും യോഗത്തിന് എത്തിയത്. യോഗം തടസ്സപ്പെട്ടതിന് പിന്നാലെ പദ്ധതി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾക്ക് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയുള്ള നോട്ടീസ് ആക്ഷൻ കമ്മിറ്റി പുറത്തിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ പദ്ധതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വൻകിട പദ്ധതിക്കെതിരെ നോട്ടീസിറക്കി. വൻകിട പദ്ധതി നിരവധി കുടുംബങ്ങളെ വെള്ളത്തിനടിയിലാക്കുമെന്നും ഒട്ടേറെപേർക്കും സ്ഥാപനങ്ങൾക്കുമടക്കം പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. വൻകിട പദ്ധതിക്കുപകരം ചെറുതടയണകൾ നിർമിച്ച് ജലം സംഭരിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടി. പുൽപള്ളി മേഖലയിൽ വരൾച്ച പ്രതിരോധ പദ്ധതി സർക്കാർ കാര്യക്ഷമമായി നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇരുവിഭാഗവും വാർത്ത സമ്മേളനങ്ങളും വിളിച്ചുചേർത്തിരുന്നു. പുൽപള്ളി മേഖലയിലെ വരൾച്ച തടയുന്നതിനായി 80 കോടി രൂപയുടെ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരുന്നു. ഇതിെൻറ ഉദ്ഘാടനവും ഏറെ കൊട്ടിഘോഷിച്ചു നടത്തി. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ടര മാസത്തോളമായിട്ടും പദ്ധതി പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. ഫണ്ട് അനുവദിക്കാത്തതാണ് പദ്ധതിക്ക് വിലങ്ങുതടിയായിരിക്കുന്നത്. വയനാട്ടിൽ ഇത്തവണയും ഏറ്റവും കുറവ് മഴ ലഭിച്ചത് പുൽപള്ളി മേഖലയിലാണ്. കാർഷിക മേഖലയുടെ നിലനിൽപ് അപകടത്തിലേക്ക് നീങ്ങുകയാണ്. മിക്ക കിണറുകളിലും കാലവർഷക്കാലത്തു പോലും ഉറവയായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ജലപദ്ധതികളുടെ ആവശ്യകതയെക്കുറിച്ച് ജനം ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് സർക്കാർ കടമാൻതോട് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് ജനരോഷം ഉയർന്നതിനെത്തുടർന്ന് പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല. എങ്കിലും പദ്ധതിപ്രദേശമെന്ന പരിഗണനയിലാണ് ആനപ്പാറ, പാളക്കൊല്ലി പ്രദേശങ്ങൾ. ഇത് നാട്ടുകാർക്ക് ദോഷകരമായി മാറിയിരിക്കുന്നു. അടുത്തകാലത്തൊന്നും കടമാൻതോട് പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ ഭാഗത്തുനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകൾ ഭീതിയിലാണ്. സ്ഥലക്കച്ചവടവും മറ്റും നടക്കാതായി. വിവിധ ആവശ്യങ്ങൾക്കും മറ്റും പണം കണ്ടെത്താൻ ചെറുകിട കർഷകർ ഭൂമിയും മറ്റും വിൽക്കാൻ ശ്രമിക്കുമ്പോൾ ഇത് മുടങ്ങുകയാണെന്ന് ഇവിടത്തുകാർ പറയുന്നു. കടമാൻതോട് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.