ആയഞ്ചേരി: പഞ്ചായത്തിെൻറ മാലിന്യ നിർമാർജന പദ്ധതി പാതിവഴിയിൽ. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതും ജനങ്ങളിൽനിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതുമാണ് പദ്ധതി സ്തംഭനത്തിലേക്ക് നീങ്ങാൻ കാരണം. കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉപയോഗപ്പെടുത്തി മാലിന്യം ശേഖരിച്ച് സംസ്കരണ പ്ലാൻറിലേക്ക് അയക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ലോറി വാടകക്കായി 20000ത്തോളം രൂപ ചെലവ് വരും. ഇതിനായി 100 രൂപ വീതം വീടുകളിൽനിന്ന് പിരിച്ചെടുക്കാനും വീട്ടുകാർ മാലിന്യം നിശ്ചിത സ്ഥലത്ത് എത്തിക്കാനും തീരുമാനിച്ചു. വീട്ടുകാർ നിശ്ചിത ദിവസം മാലിന്യം അവർക്കായി നിർദേശിച്ച സ്ഥലത്ത് എത്തിച്ചിരുന്നു. എന്നാൽ, മറ്റു വാർഡുകളിൽനിന്നും സമീപപഞ്ചായത്തുകളിൽനിന്നും ഇവിടേക്ക് മാലിന്യം വന്നതോടെ പ്രതീക്ഷിച്ചതിലധികം കുന്നുകൂടി. അയൽ വാർഡുകളായ ഏഴ്, 11 വാർഡുകളിലാണ് ഈ പ്രശ്നം കൂടുതലായും ഉണ്ടായത്. ഈ രണ്ട് വാർഡുകളിൽനിന്നുമായി ഇതുവരെ രണ്ട് ലോഡ് മാലിന്യം കയറ്റിയയച്ചിട്ടുണ്ട്. എന്നാൽ, മാലിന്യം പിന്നെയും ബാക്കി കിടക്കുകയാണ്. ആയഞ്ചേരി മില്ല്, മുക്കടത്തുംവയൽ എന്നിവിടങ്ങളിലാണ് മാലിന്യം ഇനിയും നീക്കാൻ ബാക്കിയുള്ളത്. റോഡരികിലുള്ളവ റോഡിലേക്ക് ചിതറിയ നിലയിലാണ്. ദുർഗന്ധം വമിക്കുന്നത് പരിസരവാസികൾക്കും ദുരിതമാണ്. കൂടാതെ, കുറച്ചു വീട്ടുകാർ പദ്ധതിയുമായി വേണ്ടത്ര സഹകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.