നഞ്ചൻകോട് പച്ചക്കറി വ്യാപാരിയുടെ പണം കവർന്ന സംഭവം; അന്വേഷണം ഊർജിതം

*അഞ്ചുപേരടങ്ങുന്ന സംഘം സംസാരിച്ചത് മലയാളത്തിൽ മീനങ്ങാടി: ദേശീയപാത 766ൽ കർണാടകയിലെ നഞ്ചൻകോട് പച്ചക്കറി വ്യാപാരിയുടെ പണംകവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നഞ്ചൻകോട് പൊലീസാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച രാവിലെ മൈസൂരുവിന് 40 കി.മീ മുമ്പുള്ള നഞ്ചൻകോടിനടുത്ത വിജനമായ സ്ഥലത്തുവെച്ചാണ് മീനങ്ങാടിയിലെ സി.പി.എ വെജിറ്റബ്ൾസ് ഉടമ പി. മുഹമ്മദിൽനിന്നും സംഘം പണംകവർന്നത്. മിനിലോറിയിൽ മുഹമ്മദും കാക്കവയൽ സ്വദേശിയായ ൈഡ്രവർ സലാമും മാത്രമാണ് ഉണ്ടായിരുന്നത്. ജീപ്പിലെത്തിയ സംഘം ലോറിതടഞ്ഞു കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. മൈസൂരുവിലെ മൊത്തക്കച്ചവടക്കാർക്ക് കൊടുക്കാനുള്ള രണ്ടര ലക്ഷം രൂപയാണ് മുഹമ്മദി​െൻറ പക്കൽ ഉണ്ടായിരുന്നത്. പണം കൊടുത്ത ഉടനെ സംഘം ജീപ്പിൽ കയറി രക്ഷപ്പെടുകയായിരുന്നു. അഞ്ചുപേരടങ്ങിയ സംഘം മലയാളമാണ് സംസാരിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. ഓണത്തിനു വാങ്ങിയ പച്ചക്കറിയുടെ പണം കൊടുക്കാനും പുതിയത് വാങ്ങാനുമാണ് ശനിയാഴ്ച മൈസൂരുവിലേക്ക് പോയത്. എല്ലാ ശനിയാഴ്ചയും ഈ രീതിയിൽ പച്ചക്കറി വാങ്ങാൻ മൈസൂരുവിലേക്ക് പോകാറുണ്ട്. അതിനാൽ യാത്രയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയവരാണ് കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് മുഹമ്മദ്. സംഭവത്തിനു പിന്നിൽ കേരളത്തിൽനിന്നുള്ളവർ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നാണ് നഞ്ചൻകോട് പൊലീസ് വ്യക്തമാക്കുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദ് 20 വർഷമായി മീനങ്ങാടിയിൽ പച്ചക്കറിക്കട നടത്തുന്നു. ദേശീയപാതയിലെ കവർച്ച തുടർക്കഥയാകുന്നു; ഭീതിയിൽ മലയാളി യാത്രക്കാർ കൽപറ്റ: ദേശീയപാതയിൽ ബംഗളൂരുവിനും മുത്തങ്ങക്കുമിടയിൽ മലയാളി യാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാകുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന കവർച്ചയിൽ ഇതുവഴിപോകുന്ന യാത്രക്കാർ ആശങ്കയിലാണ്. മുമ്പ്, വ്യാപാരികളെ മാത്രം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നിരുന്നതെങ്കിൽ ഒരാഴ്ച മുമ്പ് കർണാടകയിലെ ഛന്നപട്ടണത്ത് കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്രക്കാരെ കൊള്ളയടിച്ച സംഭവമുണ്ടായി. വയനാട്ടിൽനിന്നും കോഴിക്കോടുനിന്നും പോകുന്നവരാണ് കവർച്ച സംഘത്തി​െൻറ വലയിലാകുന്നത്. ഇവിടങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ഇരു സംസ്ഥാനങ്ങളിലെയും അധികൃതർ ചേർന്ന് നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞദിവസം പച്ചക്കറി വ്യാപാരിക്കുനേരെയുണ്ടായ കവർച്ച നേരത്തെ ആസൂത്രണം ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. മുഹമ്മദി​െൻറ യാത്രയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരുമായിരിക്കാം കവർച്ചക്കു പിന്നിലെന്നാണ് കരുതുന്നത്. അക്രമികൾ മലയാളം സംസാരിച്ചതും ഈ സംശയം ബലപ്പെടുത്തുന്നു. ഒന്നരമാസം മുമ്പ് കേണിച്ചിറയിൽനിന്നും പോയ വ്യാപാരിയുടെ ജീപ്പ് തടഞ്ഞു പണം കൊള്ളയടിച്ചതും ബംഗളൂരുവിൽ വെച്ചാണ്. ഇത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഛന്നപട്ടണത്ത് കേരള ആർ.ടി.സി യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതികളായ കർണാടക സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം തൊണ്ടിമുതലുകളോടെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മുമ്പ് കുട്ട, ഗോണിക്കുപ്പ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ഇത്തരം കവർച്ചാസംഘങ്ങൾ വ്യാപകമായിരുന്നു. ഇപ്പോഴും രാത്രിയിൽ ഈ റൂട്ടുകളിലൂടെ കാറുകളിലും മറ്റും പോകാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതേ രീതിയിലാണ് ഇപ്പോൾ ദേശീയപാതയിലും കവർച്ച സംഘങ്ങൾ ശക്തിപ്രാപിക്കുന്നത്. ഗുണ്ടൽപേട്ട, നഞ്ചൻകോട് തുടങ്ങി അതിർത്തി പ്രദേശങ്ങളിൽ ദേശീയപാതയിൽ അപകടത്തിൽപെടുന്നവരെ കൊള്ളയടിക്കുന്നതും പതിവായിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് ഇപ്പോൾ കവർച്ച സംഘങ്ങളും വ്യാപകമായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.