കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് തകർന്നു കുറ്റ്യാടി: വടകരക്കുള്ള എളുപ്പമാർഗമായ കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിൽ അവസാന ഭാഗം അറ്റകുറ്റപ്പണി നടത്താത്തത് വാഹന യാത്രക്കാർക്ക് ദുരിതമായി. ആദ്യഭാഗം മിക്കവാറും റബറൈസ് ചെയ്ത് പരിഷ്കരിച്ചപ്പോൾ അവസാനഭാഗം വടയം മുതൽ കുറ്റ്യാടി വരെ അറ്റകുറ്റപ്പണിപോലും നടത്തുന്നില്ല. ശക്തമായ മഴയിൽ മിക്ക സ്ഥലങ്ങളിലും വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്. ഓവുചാലുകൾ അടഞ്ഞതിനാൽ വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകുകയാണ്. പോക്കറ്റ് റോഡുകളിലെ വെള്ളം കുത്തിയൊലിച്ച് റോഡ് പലഭാഗത്തും ഒഴുകിപ്പോയ നിലയിലാണ്. പാറമാലിന്യങ്ങളിട്ട് കുഴികളടക്കാൻപോലും അധികൃതർ തുനിഞ്ഞിട്ടില്ല. രണ്ടു കിലോമീറ്റർ ബാക്കിഭാഗം പരിഷ്കരിച്ചതിനാൽ ഇതിലെ വാഹനത്തിരക്ക് കൂടുതലാണ്. എന്നാൽ, അവസാന ഭാഗത്ത് നീന്തിക്കടക്കേണ്ട അവസ്ഥയാണ്. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ വിഷമമായതിനാൽ വളഞ്ഞ വഴിയിൽ പഞ്ചായത്ത് റോഡുകളെയാണ് ആശ്രയിക്കുന്നത്. കുറ്റ്യാടി പാലത്തിൽ ചതിക്കുഴികൾ കുറ്റ്യാടി: കുറ്റ്യാടി പാലം അപ്രോച്ച് റോഡുമായി ചേരുന്നിടത്തെ ഗട്ടറുകൾ ഭീഷണിയാകുന്നു. ദിവസം കൂടുന്തോറും കുഴികൾ വലുതാവുകയാണ്. റോഡ് റബറൈസ് ചെയ്തപ്പോൾ കുഴികൾ അടച്ചിരുന്നെങ്കിലും വീണ്ടും രൂപപ്പെടുകയാണുണ്ടായത്. റബറൈസ് ചെയ്ത റോഡിന് അഞ്ചു വർഷം ഗാരൻറിയുണ്ടെങ്കിലും കുഴിഞ്ഞ ഭാഗം കരാറുകാർ നന്നാക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.