ബിബിൻ വധം: കൃത്യം പൂർത്തിയാക്കിയത് അഞ്ച് മിനിറ്റിനുള്ളിൽ

തിരൂർ: ബി.പി അങ്ങാടി പുളിഞ്ചോട്ടിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ആകെയെടുത്തത് അഞ്ച് മിനിറ്റിൽ താഴെ മാത്രം സമയമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. രണ്ടാം പ്രതി തൃപ്രങ്ങോട് ആലത്തിയൂർ ആലുക്കൽ സാബിനൂൾ ആണ് ശനിയാഴ്ച പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ കൃത്യം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ബിബിൻ എത്തുന്നതിന് മുമ്പ് തന്നെ ആറംഗ സംഘം പുളിഞ്ചോട് എത്തിയിരുന്നു. റോഡിലെ ഗർത്തത്തിന് അപ്പുറവും ഇപ്പുറവുമായി രണ്ട് പേർ ശരീരത്തോട് ചേർത്ത് വാളുകൾ ഒളിപ്പിച്ച് കാത്തുനിന്നു. ഗട്ടറിന് മുന്നിൽ ബൈക്കി‍​െൻറ വേഗത കുറച്ചതോടെ ആദ്യം വെട്ടി. ഇതിനിടെ സാബിനൂളെത്തി രണ്ട് തവണ വെട്ടി. അതോടെ ബിബിൻ ബൈക്കിൽനിന്ന് ഇറങ്ങിയോടി. ഈ സമയം പുളിഞ്ചോട്-മുസ്ലിയാരങ്ങാടി റോഡിൽ കാത്തുനിന്ന മൂന്നാമനും സാബിനൂളും കൂടിയെത്തി വീണ്ടും വെട്ടി. തുടർന്ന് മുസ്ലിയാരങ്ങാടി റോഡിൽ മൂന്ന് ബൈക്കുകളിലായി കാത്തുനിന്നവരോടൊപ്പം പ്രതികൾ രക്ഷപ്പെട്ടു. ബിബിൻ സഞ്ചരിക്കുന്ന രീതിയും യാത്ര ചെയ്യുന്ന സമയവും നേരത്തെ മനസ്സിലാക്കിയിരുന്നതായും അതനുസരിച്ചാണ് ആക്രമണത്തിന് പുളിഞ്ചോട്ടെ ഗട്ടറുള്ള ഭാഗം തെരഞ്ഞെടുത്തതെന്നും സാബിനൂൾ വ്യക്തമാക്കി. തിരൂർ സി.ഐ എം.കെ. ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് ഒട്ടേറെ നാട്ടുകാരും ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരും സ്ഥലത്ത് തമ്പടിച്ചിരുന്നു. തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടു. ഒളിച്ചുനിന്ന സ്ഥലവും കൃത്യം നിർവഹിച്ച രീതികളും സാബിനൂൾ അന്വേഷണസംഘത്തിന് മുന്നിൽ വിവരിച്ചു. 10 ദിവസത്തേക്കാണ് സാബിനൂളിനെ കസ്റ്റഡിയിൽ നൽകിയത്. തെളിവെടുപ്പ് ഞായറാഴ്ചയും തുടരുമെന്ന് പൊലീസ് അറിയിച്ചു. photo: tir mg2 സാബിനൂളിനെ പുളിഞ്ചോട്ട് തെളിവെടുപ്പിനെത്തിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.