ചുരം റോഡ്​ പരമ്പര ^2

ചുരം റോഡ് പരമ്പര -2 ചുരം കയറുന്ന ആശങ്കകൾ -2 പുറംമോടിയിൽ ഒതുങ്ങുന്ന ചുരം സംരക്ഷണം ഇപ്പോഴത്തെ നിലയിലുള്ള മോടികൂട്ടലും നവീകരണവും കൊണ്ട് കോടികൾ പാഴാകുന്നതല്ലാതെ ചുരം സംരക്ഷണം യാഥാർഥ്യമാകില്ല. വ്യവസ്ഥാപിതമായ രീതിയിൽ വാഹനഗതാഗതം നിരോധിച്ചു വേണം റോഡുപണി തുടങ്ങാൻ. ചുരം ഹെയർപിൻ വളവുകൾ മിക്കതും ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു വൻകുഴികൾ രൂപപ്പെട്ട നിലയിലാണ്. മഴക്കാലത്ത് കുത്തിയൊലിക്കുന്ന വെള്ളം റോഡിനു മുകളിലും അടിയിലും നിൽക്കുകയാണ്. ഇതിനാൽ ടാറിട്ട ഭാഗം പെെട്ടന്നു പൊളിയുന്നു. രണ്ട്, നാല്, ഒമ്പത് വളവുകളിൽ മാത്രമാണ് ഇൻറർലോക്ക് പതിച്ചിട്ടുള്ളത്. ബാക്കി വളവുകളെല്ലാം ഇൻറർലോക്ക് ഇല്ലാത്തതിനാൽ കുഴികളായി. വളവുകളിൽ ഇൻറർലോക്ക് ചെയ്യുന്നതോടൊപ്പംതന്നെ കോൺക്രീറ്റും ചെയ്താലേ ലോക്കുചെയ്ത ഭാഗങ്ങളും കേടുകൂടാതിരിക്കൂ. കഴിഞ്ഞതവണ ചുരം റോഡിൽ നടത്തിയ ടാറിങ്ങി​െൻറ നിലവാരക്കുറവിനെതിരെ അന്നേ പരാതികൾ ഉയർന്നിരുന്നു. ഇത്തവണ റോഡുതകർച്ച വേഗത്തിലായത് അതിന് അടിവരയിടുന്നു. നിലവിൽ കുന്ദമംഗലം മുതൽ ലക്കിടി വരെ ഗതഗാത സുരക്ഷ നടപടികളുടെ ഭാഗമായുള്ള മരാമത്തു പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ പ്രവൃത്തിയിൽ ചുരത്തിലെ അറ്റകുറ്റ പണികൾക്കാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. മൂന്നാം വളവും അഞ്ചാം വളവും വീതികൂട്ടി ബലപ്പെടുത്തുക എന്നതാണ് ഇതിൽ പ്രധാനം. പക്ഷെ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള അനുമതി വനംവകുപ്പിൽനിന്ന് ലഭിച്ചിട്ടില്ല. വനംവകുപ്പ് വിട്ടുകൊടുക്കുന്ന 0.92 ഹെക്ടർ ഭൂമിക്കും മരങ്ങൾക്കുമായി 22 ലക്ഷം രൂപയാണ് നൽകേണ്ടത്. ഈ തുക വനംവകുപ്പിന് കൈമാറിയെങ്കിലും ഭൂമി കൈമാറ്റം ഇതുവരെ നടന്നിട്ടില്ല. ഇൗയിടെ ഉരുൾപൊട്ടലുണ്ടായ ഭാഗത്തു സംരക്ഷണ ഭിത്തിയും ഇതോടൊപ്പം നിർമിക്കുന്നുണ്ട്. റോഡ് അടച്ചുവേണം ചുരത്തിലെ പണി ക്രമീകരിക്കാൻ. എന്നാൽ, അതിനു സർക്കാർ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ചുരംറോഡിൽ വീതി കുറവുള്ളത് ഇലക്ട്രിക്കൽ ടവറിനോട് ചേർന്നഭാഗത്താണ്. ഇവിടമാണ് പലപ്പോഴും അപകടങ്ങൾ നടക്കുന്നത്. ഒരുവശത്തു വൻപാറക്കെട്ടുകളാണ്. ഈ ഭാഗം വീതികൂട്ടാൻ ഗതാഗതം നിയന്ത്രിച്ചുകൊണ്ടു പണിനടത്തുക പ്രയാസമാണ്. ഈ ഭാഗത്തെ അറ്റകുറ്റപ്പണികൾ രണ്ടാംഘട്ട പ്രവൃത്തിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചുരത്തിൽ ഇൗയിടെയായി അപകടങ്ങൾ വർധിച്ചുവരികയാണ്. അമിത വേഗതയും വാഹനാധിക്യവുമാണ് കാരണം. മൂന്നരമീറ്ററോളം വീതിയുള്ള കണ്ടെയ്നർ ലോറികൾ ചുരം റോഡിൽ കയറിയാൽ പതിവായി ഗതഗാത തടസ്സമാണ്. ഇത് മറികടക്കാനുള്ള മറ്റുവാഹനങ്ങളുടെ ശ്രമത്തിലാണ് പലപ്പോഴും അപകടമുണ്ടാകുന്നതും. ചുരത്തിലെ അപകടങ്ങളിൽ ഏറിയ പങ്കും ടിപ്പർ ലോറികളാണുണ്ടാക്കുന്നത്. സൂക്ഷ്തമയോടെയുള്ള ഡ്രൈവിങ്ങി​െൻറ അഭാവത്തിൽ കെ.എസ്.ആർ.ടി.സി ബസുകളും സമീപകാലത്ത് അപടകത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ഇൗയിടെയായി വളരെ വലിയ ചരക്കുലോറികളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ഇതുവഴി കടന്നു പോകുന്നത്. വൻഭാരമുള്ള ചരക്കു ലോറികളും ബസുകളും ഏതു വിധേനയാണ് മുത്തങ്ങയിലുള്ള ആർ.ടി.ഒ ഔട്ട്പോസ്റ്റ് മറികടന്നു വരുന്നത് എന്നതാണ് അത്ഭുതം. വലിയ വാഹനങ്ങൾ ആർ.ടി.ഒ പരിശോധനയിലൊന്നും കുടുങ്ങാതെ കടത്തിവിടാൻ ചിലർ പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്. എപ്പോൾ എവിടെയൊക്കെ വാഹനപരിശോധന നടക്കുമെന്നും മറ്റുമുള്ള വിവരങ്ങൾ ഇത്തരക്കാരെ കൃത്യമായി അറിയിക്കുന്ന വയനാട് ആർ.ടി.ഒാഫിസിലെ ഡ്രൈവറെ ഇൗയിടെയാണ് പിടിച്ചത്. കോഴിക്കോട് വിജിലൻസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ വയനാട് ചുരത്തിൽവെച്ച് പിന്തുടർന്നാണ് ഇയാളെ കൈക്കൂലി തുകയോടൊപ്പം പിടികൂടിയത്. ഇയാൾ അതിനകം ലക്ഷങ്ങൾ ഇത്തരത്തിൽ സമ്പാദിച്ചിരുന്നു. വലിയ ചരക്കുലോറികളും ബസുകളും ചുരത്തിൽ കേടുവന്നുണ്ടാകുന്ന ഗതാഗതസ്തംഭനം വർധിച്ചുവരുന്നു. മണിക്കൂറുകളാണ് യാത്രക്കാർക്ക് വഴിയിൽ കിടക്കേണ്ടി വരുന്നത്. നേരത്തെ ചുരത്തിൽ കേടുവരുന്നതും അപകടത്തിൽപ്പെടുന്നതുമായ വാഹനങ്ങൾ നീക്കാനും മറ്റുമായി ഒരു ക്രെയിൻ അധികമായി ഉണ്ടായിരുന്നു. പിന്നീട് അതെങ്ങോട്ടുപോയെന്ന് അറിയില്ല. ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് ലോേഫ്ലാർ വോൾവോ ബസ് മൂന്നാം വളവിൽ കുടുങ്ങി എട്ടുമണിക്കൂറോളം യാത്രക്കാർ ചുരത്തിൽ കഴിയേണ്ടിവന്നു. താമരശ്ശേരിയിൽനിന്നും മെക്കാനിക്കുകളും റിപ്പയറിങ് സാധനങ്ങളും എത്തുന്നതുവരെ വാഹനം നീക്കംചെയ്യാൻ കഴിഞ്ഞില്ല. വഴിയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കു തരണം ചെയ്തുവേണം സംഭവസ്ഥലത്തെത്താൻ. ഒന്നോ രണ്ടോ ക്രെയിനുകളും റിക്കവറി വാനുകളും അതുപോലെ സഞ്ചരിക്കുന്ന വർക്ക്ഷോപ്പും ചുരത്തിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. - സെയ്ദ് തളിപ്പുഴ (തുടരും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.