മാവൂർ: നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസമേകുമെന്ന് കരുതിയ ചെറൂപ്പ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് അനിശ്ചിതത്വത്തിൽ. പി.ടി.എ. റഹീം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് രണ്ടു വർഷം മുമ്പ് നിർമാണം തുടങ്ങിയ യൂനിറ്റ് യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. 2015 ഡിസംബർ അഞ്ചിനാണ് ഡയാലിസിസ് യൂനിറ്റിന് തറക്കല്ലിടുന്നത്. മെഡിക്കൽ കോളജിെൻറ ഹെൽത്ത് യൂനിറ്റായ ആശുപത്രിയിെല സെമിനാർ ഹാളിനും ഒ.പിക്കും മുകളിലാണ് ഡയാലിസിസ് യൂനിറ്റിന് കെട്ടിടമൊരുക്കുന്നത്. എന്നാൽ, യൂനിറ്റിന് മുകൾ നിലയിൽ സൗകര്യമൊരുക്കിയതിൽ അശാസ്ത്രീയതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് കോണി കയറി മുകൾനിലയിലെത്താൻ പ്രയാസമാണ്. റാംപ്, ലിഫ്റ്റ് സൗകര്യം കെട്ടിടത്തിലില്ല. ഇവ സജ്ജീകരിക്കാനും നിലവിൽ പ്രയാസമാണ്. താഴെ നിലയിലെ ഒ.പിയിലേക്കോ മറ്റോ മാറ്റി സജ്ജീകരിക്കാനും സയമെടുക്കും. നിലവിലുള്ള ഒ.പി മുകളിലേക്ക് മാറ്റുന്നതും അശാസ്ത്രീയമാണ്. അവശരായ രോഗികൾക്ക് മുകളിലെത്താൻ പ്രയാസമാകും. അതിനാൽ, നിർമാണത്തിലുള്ള പുതിയ ഒ.പി േബ്ലാക്ക് കെട്ടിടം പൂർത്തിയാകുന്ന മുറക്കുമാത്രമേ ഇതിന് നടപടിയെടുക്കാനാവൂ. കെട്ടിടമടക്കം സൗകര്യമൊരുക്കുന്നതിന് 50 ലക്ഷമാണ് വകയിരുത്തിയതെങ്കിലും ഇൗ തുകക്ക് പണി പൂർത്തിയായിട്ടില്ല. ജലശുദ്ധീകരണ പ്ലാൻറ്, ജലവിതരണ പൈപ്പ്, വൈദ്യുതീകരണം തുടങ്ങിയവ പൂർത്തിയാക്കാൻ ഇനിയും ഫണ്ട് വേണം. അനുവദിച്ച ഒരുകോടിയിൽ ശേഷിക്കുന്ന 50 ലക്ഷം മെഷീനും മറ്റും സജ്ജീകരിക്കാനുള്ളതാണ്. ഒന്നിലേറെ ഡയാലിസിസ് മെഷീൻ ഒരുക്കണമെങ്കിൽ തുക വേറെ വേണ്ടിവരും. ഡയാലിസിസ് യൂനിറ്റിന് ആവശ്യമായ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്. ആവശ്യത്തിന് ഡോക്ടർമാരെ അനുവദിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ടെങ്കിലും പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരെ മെഡിക്കൽ േകാളജിൽനിന്ന് അനുവദിക്കാനാവില്ല. അതിനാൽ, ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ചുമതലയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇതിന് നടപടിയെടുക്കേണ്ടിവരും. നെഫ്റോളജി യൂനിറ്റ് തുടങ്ങിയാൽ മാത്രമേ ഡയാലിസിസ് യൂനിറ്റിെൻറ പ്രവർത്തനം സുഗമമാകൂ. നിലവിൽ സ്പെഷലിസ്റ്റ് യൂനിറ്റുകളൊന്നുമില്ലാത്ത ഇവിടെ ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.