അത്തോളി: 40ാം പിറന്നാളിൽ കുന്നത്തറ ടെക്സ്റ്റൈൽസ് തങ്ങളിൽനിന്ന് വിട്ടുപോകുമോയെന്ന ആശങ്കയിലാണ് പഴയ ജീവനക്കാരും നാട്ടുകാരും. 23 വർഷമായി മലബാറിലെ ഈ പ്രമുഖ കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. വിവിധ സ്ഥാപനങ്ങളിൽനിന്ന് നൂൽ വാങ്ങിയതിലുള്ള ഇടപാട് തീർക്കാനുള്ള വകയിൽ കോടതി ഈ സ്ഥാപനത്തെ വിൽപനക്കുവെച്ചിരിക്കുകയാണ്. കമ്പനിയുടെ സ്ഥലവും മറ്റ് സാധനങ്ങളും വാങ്ങാൻ പലരും രംഗത്തുണ്ട്. സാമ്പത്തിക പ്രശ്നംമൂലം ഉൽപാദനം നിലച്ചതോടെയാണ് കമ്പനി പൂട്ടിയത്. ഇവിടെ ഭൂമിക്ക് ഒരു സെൻറിന് 54,000 രൂപയാണ് തഹസിൽദാർ കണ്ട വില. പിന്നീട് കലക്ടർ 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, സംസ്ഥാന പാതയോട് ചേർന്ന ഇവിടെ സെൻറിന് നാലു ലക്ഷം രൂപ വിലമതിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. 1975ൽ കുന്നത്തറ ഇൻവെസ്റ്റ്മെൻറ് കമ്പനി എന്ന പേരിൽ 640 അഭ്യസ്തവിദ്യരായ യുവാക്കൾ ചേർന്ന് 5000 രൂപ വീതം ഷെയർ പിരിച്ച് രൂപവത്കരിച്ച കമ്പനിയാണ് കുന്നത്തറ ടെക്സ്റ്റൈൽസ് കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ സംരംഭത്തിന് കേരള സർക്കാറിെൻറയും കെ.എസ്.ഐ.ഡി.സിയുടെയും പിന്തുണയുണ്ടായിരുന്നു. 16 വർഷം മാത്രമേ കമ്പനി മുന്നോട്ടുപോയുള്ളൂ.1994 ആകുമ്പോഴേക്കും തുണിനിർമാണം പാതിവഴിയിലായി. ഇതേവർഷം കമ്പനി പൂർണമായി അടക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്തെടുത്ത വിവാദ ഉത്തരവുകളുടെ കൂട്ടത്തിൽ കമ്പനിക്ക് ഏഴുകോടി രൂപ ധനസഹായത്തിൽ കിൻഫ്രയെകൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള ഉത്തരവുണ്ടായിരുന്നു. എന്നാൽ, പുതിയ സർക്കാർ റദ്ദുചെയ്ത യു.ഡി.എഫ് ഉത്തരവുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുകയായിരുന്നു. കമ്പനിയിലെ തൊഴിലാളികളായിരുന്നവർ എല്ലാവരും ഇന്ന് വിരമിക്കൽ പ്രായം കഴിഞ്ഞവരാണ്. മുമ്പെങ്ങോ പി.എഫിൽ നിക്ഷേപിച്ച നിസ്സാര തുകയിൽനിന്നുള്ള പെൻഷൻ മാത്രമാണ് ഇവരുടെ വരുമാനം. പന്ത്രണ്ടര ഏക്കറോളം വരുന്ന ഭൂമിയും യന്ത്രങ്ങളുമുൾപ്പെടെ 50 കോടിയോളം ആസ്തിയുള്ളതാണ് കമ്പനി. നേരത്തേ കിട്ടാക്കടത്തിന് കമ്പനി വിൽപനക്കു വെച്ചിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ലേലത്തിൽ വന്നവർ ഒഴിഞ്ഞുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.