ബേപ്പൂര്‍ തുറമുഖ തൊഴില്‍ തര്‍ക്കം; നടപ്പാക്കിയത്​ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം

ബേപ്പൂര്‍: തുറമുഖത്ത് ചരക്കിറക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ള യോഗത്തില്‍ ചര്‍ച്ചചെയ്തെടുത്ത തീരുമാനങ്ങളാണ് തുറമുഖ വകുപ്പും പൊലീസും നടപ്പാക്കിയത്. കോടികള്‍ ചെലവഴിച്ച് വികസിപ്പിച്ച തുറമുഖത്ത് കണ്ടെയ്‌നര്‍ കപ്പലുകളില്‍ നിന്ന് ചരക്കിറക്കുന്നതിനായി ആധുനിക രീതിയുലുള്ള ജർമന്‍ നിർമിത ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. കെണ്ടയ്‌നര്‍ ചരക്ക് നീക്കത്തിലൂടെ ബേപ്പൂര്‍ തുറമുഖത്തി​െൻറ മുഖച്ഛായ മാറുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ആവിഷ്കരിച്ചത്. നിലവില്‍ കൊച്ചി തുറമുഖത്തടക്കുന്ന കപ്പലുകളില്‍ നിന്നും കെണ്ടയ്‌നറുകള്‍ കോഴിക്കോടും സമീപ ജില്ലകളിലുമെത്തിക്കാന്‍ വലിയ ചെലവ് വരും. എന്നാല്‍ ബേപ്പൂര്‍ തുറമുഖത്ത് കെണ്ടയ്‌നര്‍ ചരക്കു നീക്കം യാഥാർഥ്യമാവുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും. സ്റ്റീവ് ഡോര്‍ വര്‍ക്കിനെ ചൊല്ലിയാണ് തുറമുഖത്ത് ആദ്യമായി തൊഴില്‍ തര്‍ക്കം തുടങ്ങുന്നത്. സാധാരണ കപ്പലിലെ തൊഴിലാളികള്‍ ചെയ്യുന്ന ജോലി ക്രെയിൻ ഹുക്ക് കെണ്ടയ്‌നറില്‍ കൊളുത്തുകയെന്നതാണ് ജോലി. ഇതിന് ഒരു കെണ്ടയ്‌നര്‍ കൂലി ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എന്നാലിത് രമ്യമായി പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിയാതായതോടെ പ്രശ്‌നം രൂക്ഷമായി. തലസ്ഥാനത്ത് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ടി.പി. രാമകൃഷ്ണനും പോര്‍ട്ട് ഓഫിസറെയും തൊഴിലാളി യൂനിയന്‍ നേതാക്കളെയും ഒന്നിച്ചിരുത്തി നടത്തിയ ചര്‍ച്ച പരാജയമാവുകയായിരുന്നു. വാര്‍ഫില്‍ കെണ്ടയ്‌നര്‍ ഇറക്കുന്നതിനും സ്റ്റീവ് വര്‍ക്കിനുമായി 1000 രൂപ തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഇതിനിടെ നിലവിലുള്ള 249 രൂപയിൽ 40 ശതമാനം വർധനവിൽ 350 രൂപയിലേക്ക് ചർച്ചയിൽ അധികൃതർ തയ്യാറായെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. ചരക്ക് ഉൾക്കൊള്ളുന്ന കെണ്ടയ്‌നര്‍ കൂലി 300 രൂപയും, കാലി കണ്ടെയ്നർ കൂലി 250 രൂപയും എന്ന നിലയിലാണ് അവസാനമായി ഡി.എൽ.ഒ ഇപ്പോൾ നിശ്ചയിച്ച കൂലി. ഇത് സ്വീകാര്യമല്ലെന്ന് തൊഴിലാളി യൂനിയനുകളും പറയുന്നു. പോർട്ട് ഓഫിസറുടെ നേതൃത്വത്തിലുള്ള മാരത്തൺ ചർച്ചകൾക്ക് ഫലം കാണാതെ വന്നപ്പോൾ കലക്ടർ യു.വി. ജോസ് ഇടപെട്ട് തർക്കത്തിന് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. കഴിഞ്ഞ മാസം എം.വി കരുതല്‍ എന്ന കപ്പല്‍ ചരക്കിറക്കാതെ തിരിച്ചുപോയി. അതോടെ പ്രശ്‌നം രൂക്ഷമാവുകയും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. കെണ്ടയ്‌നര്‍ ചരക്ക് കയറ്റിറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തൊഴിൽ വകുപ്പ് എത്രയും വേഗം ഇടപെട്ട് തീർക്കുകയും നിയമവിരുദ്ധമായ നോക്കുകൂലിയെ കുറിച്ച് പരാതി ഉയർന്നാൽ കർശന നടപടി എടുക്കാനും യോഗം തീരുമാനിച്ചു. കൂടാതെ, കപ്പലുകളിൽ എത്തുന്ന ചരക്ക് തുറമുഖത്ത് ഇറക്കുന്നതിനു തടസ്സമുണ്ടായാൽ ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണത്തിൽ തന്നെ ചരക്കിറക്കാൻ തുറമുഖ അധികൃതർക്ക് മുഖ്യമന്ത്രി പ്രത്യേകം നിർദേശവും നൽകി. പ്രസ്തുത നിർദേശം നടപ്പാക്കാൻ ജില്ല ഭരണകൂടം എല്ലാ സഹായങ്ങളും തുറമുഖ ഉദ്യോഗസ്ഥര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. അതിനാല്‍ തുറമുഖ വകുപ്പ് ചരക്കിറക്കാതെ കപ്പല്‍ തിരിച്ചു പോകാതിരിക്കുന്നതിന് ഒരു യുദ്ധസന്നാഹം തന്നെ തുറമുഖത്ത് ഒരുക്കി. ഇതാണ് വ്യാഴാഴ്ച ലാത്തിച്ചാർജിലും ടിയർ ഗ്യാസിലും തുടർന്നുള്ള ഹർത്താലിലേക്കും വഴിമാറിയത്. ബേപ്പൂർ തുറമുഖത്തി​െൻറ വികസന സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ നാട്ടുകാർ മുഴുക്കെ അസന്തുഷ്ടരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.