മാവൂർ: റിലേ തകരാറിലായതിനെ തുടർന്ന് ചെറൂപ്പയിലും പരിസരത്തുമുള്ള തെരുവുവിളക്കുകൾ അണഞ്ഞു. തെങ്ങിലക്കടവ് പാലം മുതൽ ചെറൂപ്പ അങ്ങാടി വരെയും കുറ്റിക്കടവ് റോഡിലും ചെറൂപ്പ ആശുപത്രി പരിസരത്തുമുള്ള വിളക്കുകളാണ് കണ്ണടച്ചത്. രാത്രിയിൽ പ്രദേശം ഇരുട്ടിലാവുന്നത് നാട്ടുകാർക്ക് ദുരിതം വിതക്കുകയാണ്. പ്രദേശത്തെ ട്രാൻസ്ഫോമർ റിപ്പയറിങ്ങിനിടെയാണ് തെരുവുവിളക്ക് ബന്ധം വിച്ഛേദിക്കപ്പെട്ടത്. റിലേയിൽ വന്ന തകരാർ പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് അംഗം യു.എ. ഗഫൂർ കെ.എസ്.ഇ.ബി അധികൃതർക്ക് പരാതിനൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. അധികൃതരുടെ അനാസ്ഥയിൽ യൂത്ത് ലീഗ് ശാഖ പ്രവർത്തക സമിതി പ്രതിഷേധിച്ചു. ഉടൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് യു.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് എം.എം. ശരീഫ് അധ്യക്ഷത വഹിച്ചു. സി.ടി. ശരീഫ്, കെ. ഹബീബ്, അബൂബക്കർ സിദ്ദീഖ്, ജലീൽ, ഇല്യാസ്, ജംഷീർ എന്നിവർ സംസാരിച്ചു. റോഡരികിൽ കോഴിമാലിന്യം തള്ളി മാവൂർ: തെരുവുനായ് ശല്യം രൂക്ഷമായ മാവൂരിൽ റോഡരികിൽ വ്യാപകമായി ഇറച്ചിക്കോഴി മാലിന്യം തള്ളി. മാവൂർ-കൂളിമാട് റോഡിൽ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിനു പരിസരത്താണ് വ്യാപകമായി മാലിന്യം തള്ളിയത്. കോളനി ജങ്ഷൻ കഴിഞ്ഞുള്ള വളവിലും എട്ടാം ഗേറ്റിനു സമീപവുമാണ് വ്യാഴാഴ്ച രാവിലെ കോഴിക്കട മാലിന്യം ശ്രദ്ധയിൽപ്പെട്ടത്. റോഡിൽ പരന്ന നിലയിലുള്ള മാലിന്യം രൂക്ഷ ഗന്ധം വമിപ്പിക്കുന്നുണ്ട്. തെരുവുനായ് ശല്യം കാരണം ഗ്രാസിം കോളനി ജങ്ഷൻ മുതൽ എളമരം കടവുവരെയുള്ള വിജനമായ ഭാഗത്ത് റോഡിലൂടെ നടന്നുപോകാൻ കഴിയില്ല. മാവൂരിൽ മാർക്കറ്റും അങ്ങാടിയും പരിസരവുമെല്ലാം തെരുവുനായ്ക്കളുടെ പിടിയിലാണ്. അങ്ങാടിയുടെ പരിസരത്തുള്ള വീടുകളിൽ കുട്ടികെള പുറത്തിറക്കാൻ ആളുകൾ പേടിക്കുകയാണ്. നൂറുകണക്കിനു നായ്ക്കളാണ് ഇവിടെ വിഹരിക്കുന്നത്. ഏതാനും ദിവസം മുമ്പ് മാവൂരിൽ ആറുപേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. അങ്ങാടിക്കുസമീപം മുതൽ കൽപ്പള്ളി വരെ ഒാടിനടന്നാണ് ആളുകളെ കടിച്ചത്. പേയിളകിയാണ് നായ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. തെരുവുനായ് അടക്കമുള്ള ജീവികൾക്ക് ഇൗ നായുടെ കടിയേറ്റിട്ടുണ്ടാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.