കോഴിക്കോട്: കന്നുകാലി അറവിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിൽ പരക്കെ ആശങ്ക. ക്ഷീരമേഖല, കന്നുകാലി വളർത്തൽ, വിൽപന, അറവു മേഖലയിലെ തൊഴിലാളികളുടെ ഉപജീവനം എന്നിവയെയെല്ലാം നിയമം ബാധിക്കുമെന്ന് വിവിധ മേഖലയിലുള്ളവർ പറയുന്നു. മാംസം കിട്ടാതാവുന്നതോടെ കോഴി, മത്സ്യം, പച്ചക്കറി എന്നിവക്ക് വൻതോതിൽ വില വർധിക്കുന്നതോടെ കുടുംബ ബജറ്റും താളംതെറ്റും. കശാപ്പിന് വന്ന നിയന്ത്രണം ക്ഷീരമേഖലയെ പൊതുവിലും മിൽമയെ വിശേഷിച്ചും ഇല്ലാതാക്കുമെന്ന് മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ കെ.ടി. തോമസ് പറഞ്ഞു. പാൽ വില കൂടിയതോടെ സജീവമായ മേഖലക്ക് പുതിയ നിയമം വീണ്ടും തിരിച്ചടിയാവും. സംസ്ഥാനത്ത് നിലവിൽതന്നെ പച്ചപ്പുല്ല് ക്ഷാമം രൂക്ഷമായിരിക്കെ, കറവ വറ്റിയ പശുക്കളെ തെരുവിൽ തള്ളുന്ന അവസ്ഥ വരും. പാൽ ഉൽപാദനം വർധിപ്പിക്കാൻ ഇതര സംസ്ഥാനത്തുനിന്ന് പെൺകിടാരികളെ കൊണ്ടുവന്ന് വളർത്തുന്ന രീതിക്കും പുതിയ നിയമം തിരിച്ചടിയാകും. ഇത് പാൽ ക്ഷാമം രൂക്ഷമാക്കും. പ്രതിദിനം 24 ലക്ഷം ലിറ്റേറാളം പാലാണ് സംസ്ഥാനത്ത് വിൽക്കപ്പെടുന്നത്. 3000 കോടി രൂപയാണ് മിൽമയുടെ പ്രതിവർഷം പാൽ ഉൽപന്നങ്ങൾ വഴിയുള്ള വരുമാനം. വിൽപന അസാധ്യമാവുന്നതോടെ എപ്പോഴും തുടങ്ങാനും അവസാനിപ്പിക്കാനും കഴിയുന്ന സ്വയംതൊഴിൽ എന്ന നിലയിലുള്ള കാലിവളർത്തലിനുള്ള പ്രേത്യകതയും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കാലിസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിരോധനം പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പറയുന്നു. 2012ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 14 ലക്ഷം കന്നുകാലികൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒമ്പത് ലക്ഷമായി കുറഞ്ഞു. പട്ടികജാതി/ ആദിവാസി വിഭാഗങ്ങൾക്ക് നടപ്പാക്കുന്ന പ്രധാന സ്വയം തൊഴിൽ പദ്ധതി കന്നുകാലി വളർത്തലാണ്. ഇൗയിടെ മാത്രം 20 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഇതിന് ചെലവഴിച്ചത്. കോഴിക്കോട് ജില്ലയിൽ ഇരുനൂറോളം കടകളിലായി പതിനായിരത്തോളം പേർ അറവ് മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. സ്റ്റോക്ക് ഉണ്ടായിരുന്ന കാലികളെ അറുത്തുകഴിഞ്ഞതിനാൽ അടുത്തദിവസം തൊഴിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാെണന്ന് ഇൗ രംഗത്തെ തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്തേക്ക് പ്രതിദിനം നൂറോളം ലോഡ് കാലികളാണ് എത്തുന്നത്. കാലികളുടെ ലഭ്യതക്കുറവ് കോഴി, പച്ചക്കറി എന്നിവയുടെ വില ഉയർത്തുന്നതോടെ ഹോട്ടൽ ഭക്ഷണത്തിെൻറ വില ഉയരാൻ ഇടയാക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറൻസ് സംസ്ഥാന സെക്രട്ടറി വി. ആഷിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.