മാവൂർ: കോഴിക്കോട്-മാവൂർ മെയിൻ റോഡിൽ മെഡിക്കൽ കോളജ് മുതൽ മാവൂർ വരെയുള്ള ഭാഗത്ത് പൊതുമരാമത്ത് നിരത്തുവിഭാഗം നടത്തിയ പരിശോധനയിൽ 87 കൈയേറ്റം കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിെൻറ സ്ഥലം കൈയേറിയുള്ള അനധികൃത നിർമാണവും പെട്ടിക്കട, ഷെഡ് തുടങ്ങിയ കൈയേറ്റവും ഒരാഴ്ചക്കകം എടുത്തുമാറ്റാൻ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയർ ജെ. ബിജു നോട്ടീസ് നൽകി. ശനിയാഴ്ച രാവിലെയാണ് പരിശോധന തുടങ്ങിയത്. ഇതിൽ 15 കൈയേറ്റം സ്ഥിരം സ്വഭാവത്തിലുള്ളതാണ്. കോൺക്രീറ്റ് പില്ലർ സ്ഥാപിച്ചതോ കരിങ്കല്ല്, ചെങ്കല്ല് എന്നിവ കൊണ്ടു പടുത്തുയർത്തിയതോ കോൺക്രീറ്റ് ചെയ്തതോ ആണ് ഇവ. താൽക്കാലിക സ്വഭാവത്തിലുള്ള 72 കൈയേറ്റങ്ങളിൽ ഏറെയും ചായക്കട, ഹോട്ടൽ, മത്സ്യക്കച്ചവടം, പച്ചക്കറി-പഴവർഗ വിപണനം തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ്. മാവൂർ ഗ്രാമ പഞ്ചായത്തിലെ ചെറൂപ്പയിലും കൽപള്ളിയിലുമാണ് ഏറ്റവും കൂടുതൽ കൈയേറ്റം കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളിൽ കൽപള്ളിയിൽ അനധികൃത ഷെഡുകൾ വ്യാപകമായി ഉയർന്നിരുന്നു. കോൺക്രീറ്റ് കാൽ നാട്ടിയും നിലം കോൺക്രീറ്റ് ചെയ്തുമാണ് ഷെഡുകൾ ഉയർന്നത്. കൈയേറ്റം സംബന്ധിച്ച് മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. പെരുവയൽ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ചും നിരവധി പരാതി ലഭിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് പരിശോധനയും നടപടിയും. ഷെഡുകൾ നിർമിച്ച് വാടകക്ക് നൽകിയവയുമുണ്ട്. പെരുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കൈയേറ്റവും അനധികൃത കച്ചവടവും േമയ് 30നകം ഒഴിയാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിരുന്നതാണ്. ഏഴുദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ പൊതുമരാമത്ത് വകുപ്പ് എടുത്തുമാറ്റുമെന്നും ചെലവ് ഇൗടാക്കുന്നതോടൊപ്പം പൊതുസ്ഥലം കൈയേറിയതിന് നിയമനടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒാവർസിയർ പി. രാധാകൃഷ്ണൻ, ഒാഫിസ് അസിസ്റ്റൻറ് എം. പ്രമോദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.