കോഴിക്കോട്: പ്ലാസ്റ്റിക് പാത്രങ്ങളിൽ കുടിവെള്ളം നിറച്ച് ഒന്നര കിലോമീറ്ററോളം നിത്യവും ഉന്തുവണ്ടി തള്ളിക്കൊണ്ടിരുന്ന കരുവൻതുരുത്തി പാണ്ടിപ്പാടത്തെ വീട്ടമ്മമാർക്ക് താൽക്കാലിക ആശ്വാസം. കുടിവെള്ളത്തിനായി വീട്ടമ്മമാർ അനുഭവിക്കുന്ന പ്രയാസം നേരിൽ കണ്ടറിഞ്ഞ ജില്ല കലക്ടർ യു.വി. ജോസ് ഇവിടേക്ക് കുടിവെള്ളമെത്തിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകി. ഉച്ചയോടെ കുടിവെള്ള വിതരണം നടന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കരുവൻതുരുത്തിയിൽ ഭിന്നശേഷിക്കാരായ ദമ്പതികൾക്ക് വീട് വെക്കുന്നതിന് സ്ഥലപരിശോധനക്കെത്തിയതായിരുന്നു കലക്ടർ. ഉന്തുവണ്ടിയിൽ പ്ലാസ്റ്റിക് പാത്രവുമായി പോകുകയായിരുന്ന സ്ത്രീകളെ കണ്ട് വഴിയിലിറങ്ങിയ അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. ദിവസവും നൂറുരൂപ നൽകി ഉന്തുവണ്ടി വാടകക്കെടുത്താണ് കുടിവെള്ളം കൊണ്ടുപോകുന്നതെന്ന് വീട്ടമ്മമാർ പറഞ്ഞു. വരൾച്ച തുടങ്ങിയതോടെ ഈ പ്രദേശത്തെ അമ്പതോളം വീടുകൾ കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുകയാണെന്ന് അവർ വിശദീകരിച്ചു. സ്ഥിതിഗതികൾ മനസ്സിലാക്കിയ കലക്ടർ പ്രദേശത്ത് ഉടൻ കുടിവെള്ളമെത്തിക്കുന്നതിന് ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.