ഫറോക്ക്: ചാലിയം മത്സബന്ധന കേന്ദ്രത്തിലെ (ഫിഷ് ലാൻഡ്) തീപിടിത്തത്തിൽ സർവതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നടുക്കം മാറിയിട്ടില്ല. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും മറ്റും വാങ്ങിയ ഉപകരണങ്ങളെല്ലാം തീ കവർന്നത് തൊഴിലാളികൾക്ക് താങ്ങാവുന്നതിലപ്പുറമായി. മത്സ്യബന്ധനത്തിന് കടലിൽപോയി തിരിച്ചു വരുന്നവർ അനുബന്ധ ഉപകരണങ്ങൾ, വലകൾ തുടങ്ങിയവയെല്ലാം സൂക്ഷിച്ചുവെക്കുന്നത് കെട്ടിയുണ്ടാക്കിയ ഷെഡുകളിലാണ്. ഇത്തരത്തിലുള്ള 20 ഷെഡുകളാണ് കത്തിയമർന്നത്. ഇതോടൊപ്പം മത്സ്യങ്ങൾ കയറ്റിയയക്കുന്ന 8000ത്തിലധികം പ്ലാസ്റ്റിക് പെട്ടികൾ കത്തി നശിച്ചവയിൽ െപടും. തീപടർന്ന് ഇന്ധനം സൂക്ഷിച്ച കന്നാസുകളും വീപ്പകളും വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടർത്തിയിരുന്നു. 40ഒാളം ഷെഡുകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിൽ സൂക്ഷിച്ചുവെച്ചിരുന്ന ഇന്ധനം മാറ്റിയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും ഒഴിവാക്കിയുമാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും കൂടുതൽ ദുരന്തം ഒഴിവാക്കിയത്. മറ്റുള്ള ഷെഡുകളിലേക്ക് തീ പടരാതെ ഫയർ യൂനിറ്റും പ്രയത്നിച്ചു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതമാർഗമാണ് തീ വിഴുങ്ങിയത്. തീ പിടിത്തത്തിൽ എൻജിനുകൾ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്ഷോപ്പും മിനിവാനും മത്സ്യം കയറ്റാനെത്തിയ ലോറിയും ബൈക്കും കത്തിനശിച്ചിരുന്നു. സമീപത്തെ നാല് തണൽ മരങ്ങളിലേക്കും തീ പടർന്നു. തീപിടിത്ത പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ കോഴിക്കോട് തഹസിൽദാർ കെ. ബാലൻ, കടലുണ്ടി വില്ലേജ് ഓഫിസർ കെ. സദാശിവൻ, സ്പെഷൽ വില്ലേജ് ഓഫിസ് സി.കെ. സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരുടെ സംഘമെത്തി നാശനഷ്ടത്തിെൻറ കണക്കെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്ധ അനുചന്ദ്ര സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട് ജില്ല^ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് ഒ. ഭക്തവത്സലൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുെല്ലെലി തങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ ഡിവിഷനൽ ഓഫിസർ അരുൺ ഭാസ്ക്കർ, മീഞ്ചന്ത ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് ഓഫിസർ എം.കെ. പ്രമോദ് കുമാർ തുടങ്ങിയവർ അഗ്നിക്കിരയായ പ്രദേശം സന്ദർശിച്ചു. സർവവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉടൻ സർക്കാർ തലത്തിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ഇ^മെയിൽ സന്ദേശമയച്ചതായി കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ. ഭക്തവത്സലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.