കോഴിക്കോട് ലൈവ് -3 സമുദായ നേതൃത്വം ഇന്ന് ചാലിയത്ത് പെരുന്നാൾ കൂടും ചാലിയം: കോഴിക്കോട്ടെ ആദ്യ മുസ്ലിം കേന്ദ്രമായ ചാലിയത്ത് മതനേതൃത്വങ്ങളും പെരുന്നാൾ കൂടുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ടി.പി. അബ്ദുല്ലക്കോയ മദനി, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തുടങ്ങിയവരൊക്കെ ചാലിയത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. പരമ്പരാഗതമായി കോഴിക്കോട്ടെ ഖാദിമാർ രണ്ട് പെരുന്നാളുകൾക്കും റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅക്കും ചാലിയം മഹല്ല് ജുമാമസ്ജിദിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നവരായിരുന്നു. കോഴിക്കോടൻ ഖാദിമാരുടെ ആസ്ഥാനവും ചാലിയമായിരുന്നു. ഇവർക്കുള്ള ഔദ്യോഗിക വസതിയായി ഖാദിയാരകവും ചാലിയത്തുണ്ട്. പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റിയപ്പോഴും രണ്ടു പെരുന്നാളുകൾക്കും നോമ്പിലെ അവസാന ജുമുഅക്കും നേതൃത്വം വഹിക്കാൻ ഖാദിമാർ ചാലിയത്തെത്തി. അവസാനത്തെ ഖാദിയായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണശേഷം മഹല്ല് ഖാദിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും നാട്ടിലുള്ളപ്പോൾ ഈ കീഴ്വഴക്കം പാലിച്ചുവരുന്നു. തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലിന് വലിയ ജുമാമസ്ജിദിലെ നമസ്കാരത്തിന് അദ്ദേഹം നേതൃത്വം നൽകും. ഖാദി സ്ഥാനം കാന്തപുരത്തിന് നൽകിയതിൽ പ്രതിഷേധിച്ച് ഇ.കെ വിഭാഗം കണ്ടറം പള്ളി കേന്ദ്രീകരിച്ച് സ്ഥാപിച്ച മഹല്ലിൽ സമസ്ത പ്രസിഡൻറുമാരായിരുന്നു പെരുന്നാൾ ഇമാം. കഴിഞ്ഞ വർഷം മുതൽ ഈ മഹല്ലിൽ ഖാദിയായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് ഇന്നത്തെ ഇമാം. മസ്ജിദുൽ മുജാഹിദീനിൽ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി രാവിലെ 7.45 ന് നമസ്കാരത്തിന് നേതൃത്വം നൽകും. നാല് പതിറ്റാണ്ടായി അദ്ദേഹം തന്നെയാണ് ഇവിടെ പെരുന്നാൾ ഇമാം. ആരാധന കർമങ്ങൾക്ക് ഉച്ചഭാഷിണി പാടില്ലെന്ന വിശ്വാസക്കാരായ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ വിഭാഗത്തിനും ചാലിയത്ത് പള്ളിയുണ്ട്. ലൈറ്റ് ഹൗസിന് സമീപത്തെ ഈ വിഭാഗത്തിെൻറ തഅസീസ് മസ്ജിദിൽ എസ്.വൈ.എഫ് സംസ്ഥാന സമിതിയംഗം സയ്യിദ് ഹസൻ ജിഫ്രി മൂന്നിയൂർ നേതൃത്വം നൽകും. ആയിരത്തിലേറെ കുടുംബങ്ങളുള്ള ബീച്ച് മഹല്ലിലെ സിദ്ദീഖ് പള്ളിയിൽ മരണം വരെ ചെറുശ്ശേരി സൈനുദീൻ മുസ്ലിയാരായിരുന്നു ഇമാം. തിങ്കളാഴ്ച 8.30 ന് ഷഫീഖ് ഫൈസി കരിപ്പൂർ നേതൃത്വം നൽകും. കടുക്ക ബസാർ ജുമാമസ്ജിദിൽ ജാസിർ രണ്ടത്താണിയും ചാലിയപ്പാടം അൽ ഫൗസ് മസ്ജിദിൽ എൻ.വി. ബീരാൻ കോയയും 7.45 ന് നേതൃത്വം നൽകും. ഇവയടക്കം 11 ജുമാമസ്ജിദുകൾ ചാലിയത്തുണ്ടെങ്കിലും പെരുന്നാളുകൾക്ക് എല്ലാ പള്ളികളും ജനനിബിഡമായിരിക്കും. നാദാപുരം പള്ളിയിലെ പെരുന്നാൾ നാദാപുരം: നൂറ്റാണ്ടിലേറെ പഴക്കമുള്ള നാദാപുരം പള്ളിക്ക് പെരുന്നാൾ കഥകളേറെ പറയാനുണ്ട്. പഴയ സിനിമാഗാനത്തിലെ ചന്ദന കുടമില്ലെങ്കിലും പള്ളിയിൽ എന്നും സുഗന്ധമാണ്. പഴമയുടെ പ്രൗഢിയിൽ തലയെടുപ്പോടെ നിൽക്കുന്ന പള്ളി കൊത്തുപണി കൊണ്ട് അലംകൃതമാണ്. നാളിതുവരെയായി ബാങ്ക് വിളിക്കാനും ഖുതുബ നിർവഹിക്കാനും ലൗഡ് സ്പീക്കർ ഉപയോഗിക്കാത്ത പള്ളിയെന്ന ഖ്യാതി നേടിയ നാദാപുരം വലിയ ജുമാ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിനും വിശേഷണമുണ്ട്. മറ്റു പള്ളികളിൽ രാവിലെ ഒമ്പതിന് മുമ്പായി തന്നെ പെരുന്നാൾ നമസ്കാരം നടക്കുമ്പോൾ ഈ പള്ളിയിൽ പതിനൊന്നു മണിക്കാണ് പതിവായി നമസ്കാരം നടക്കുന്നത്. മൂന്നു നിലകളിലായി വിശ്വാസികൾ തിങ്ങി നിറയുമ്പോഴും ലൗഡ് സ്‌പീക്കറില്ലാതെതന്നെ അവരെ തൃപ്തിപ്പെടുത്താൻ കഴിയുന്നുവെന്നത് ഖാദിയുടെ കഴിവ് തന്നെ. താഴത്തെ നിലയിലെ മിമ്പറിൽ നിന്ന് ഖുതുബ നിർവഹിക്കുമ്പോൾ അത് മൂന്നാമത്തെ നിലയിലും കേൾക്കാനുള്ള രൂപത്തിലാണ് പള്ളി നിർമാണം. റമദാൻ ദിനങ്ങളിൽ പ്രമുഖരുടെ മനോഹരമായ പ്രഭാഷണങ്ങളാൽ പള്ളി മുഖരിതമാവും. മുമ്പ് പള്ളിയുടെ നാല് കിലോമീറ്ററിനുളളിലുള്ളവർക്ക് പെരുന്നാൾ നമസ്കാരത്തിന് എത്തേണ്ടതിനാൽ ആയിരുന്നു നമസ്കാര സമയം ഇങ്ങനെയാക്കിയത്. പഴമ ചോരാതെ ഇന്നും അത് കാത്ത് സൂക്ഷിക്കുന്നുവെന്നത് ഇവിടത്തെ പ്രത്യേകതയാണ്. വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കടന്നുവരുന്ന ഈദുൽ ഫിത്റിെൻറ പൊലിമയും പെരുമയും ഒട്ടും ചോരാതെ അതിരാവിലെ തന്നെ കുട്ടികളടക്കം പള്ളിയിലെത്തി തക്ബീർ ധ്വനികൾ മുഴക്കുമ്പോൾ വിശ്വാസികളുടെ മനം നിറയുകയാണിവിടെ. പെരുന്നാൾ ദിനം നാദാപുരം പള്ളിയിൽ എത്തുക എന്നത് മറ്റു നാട്ടുകാർക്കുപോലും അതിയായ ആഗ്രഹമാണ്. അതുകൊണ്ടുതന്നെ നാടിെൻറ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. വിശ്വാസികളുടെ മനംനിറയുന്നതോടൊപ്പം നാദാപുരം പള്ളിയുടെ പെരുമയും വാനോളം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.