കോഴിക്കോട്: പെരുന്നാൾപിറ തെളിയാൻ നാളുകൾ മാത്രം ബാക്കിനിൽക്കെ മൈലാഞ്ചിച്ചോപ്പിൽ കൈകളും മനവും നിറക്കുവാനൊരുങ്ങി പെൺകുട്ടികൾ. വസ്ത്രങ്ങൾ വാങ്ങുന്നതിനൊപ്പം നഗരത്തിലെ തെരുവുകളിലും കടകളിലുമെല്ലാം മൈലാഞ്ചിക്കൂടുകൾ തേടിയെത്തുന്നവരും ഏറെയാണ്. ചേലോടെ മൈലാഞ്ചിയിട്ടാലേ പെരുന്നാളാഘോഷം പൂർണമാവൂ എന്നതിനാലാണിത്. പെരുന്നാൾ തലേന്ന് തൊടിയിലും പറമ്പിലും മൈലാഞ്ചിയില തേടിപ്പോയിരുന്ന കാലമെല്ലാം ഇന്ന് ഗൃഹാതുരത്വം മാത്രമാണ്. പെട്ടെന്ന് ചുവക്കുന്ന, ഏറെ മനോഹരമായി കൈയിലണിയാവുന്ന മെഹന്തി കോണുകളുടെ പിറകെയാണ് യുവതലമുറ. പല പേരുകളിൽ, പല വിലയിൽ മൈലാഞ്ചിപ്പാക്കറ്റുകൾ വിപണിയിൽ കിട്ടും. സിങ്, അറഫ, വഫ, െമഹറുബ തുടങ്ങിയ ജനപ്രിയ കോണുകൾക്കൊപ്പം വിദേശികളായ അറേബ്യൻ ഗോൾഡുമുണ്ട്. ഇവയെല്ലാം കൈവെള്ളയിലണിയാനാണെങ്കിൽ നഖം ചുവപ്പിക്കാനായി ഡോളർകോൺ, റാണികോൺ തുടങ്ങിയ മൈലാഞ്ചിക്കൂട്ടുകളും ലഭ്യമാണ്. ചുവപ്പ് കൂടുതലായിരിക്കുമെന്നതാണ് നഖത്തിലണിയുന്ന മൈലാഞ്ചിയുടെ പ്രത്യേകത. 10 മുതൽ 100 രൂപവരെയാണ് മെഹന്തികോണുകളുടെ വില. ഓരോ വീട്ടിലും നന്നായി മൈലാഞ്ചിയണിയാൻ അറിയുന്ന ഒരാളെങ്കിലും ഉണ്ടാവും. പെരുന്നാളുറപ്പിക്കുന്നതോടെ രാത്രി എല്ലാവരും ഒത്തുചേർന്നാണ് മൈലാഞ്ചിയിടാൻ വട്ടം കൂട്ടുക. കുരുന്നുകൈകളിലാദ്യം അണിയിച്ച ശേഷമാണ് യുവതികൾ ൈമലാഞ്ചിയിടുന്നത്. പ്ലാസ്റ്റിക്കൂടുകളിൽ വരുന്ന മൈലാഞ്ചിക്ക് അരച്ചിടുന്ന മൈലാഞ്ചിയുടെ നൈസർഗികതയില്ലെന്ന് വീട്ടിലെ മുതിർന്നസ്ത്രീകൾ പരാതിപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ കാലമേറെപോയിട്ടും ഇന്നും തൊടിയിലെവിടെയോ വളരുന്ന മൈലാഞ്ചിയില തേടിപ്പോവുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.