കൽപറ്റ: വാരാമ്പറ്റ വനസംരക്ഷണ സമിതി (വി.എസ്.എസ്) ഭരണസമിതി പിരിച്ചുവിട്ട സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുൽ അസീസിെൻറ നടപടിക്കെതിരെ സമിതിയിലെ ഒരു വിഭാഗം രംഗത്ത്. തക്കതായ കാരണങ്ങൾ ഇല്ലാതെയാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും ഇതിനു ഡി.എഫ്.ഒക്ക് അധികാരമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഡി.എഫ്.ഒയുടെ നടപടി ദുർബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ പ്രസിഡൻറ് കുഞ്ഞുമോൻ ജോസഫ് ഉൾപ്പെടെ കണ്ണൂർ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്ക് അപ്പീലും നൽകിയിട്ടുണ്ട്. അപ്പീലിൽ തീരുമാനമാകുംവരെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് ഇവരുടെ ആവശ്യം. വാരാമ്പറ്റ വനസംരക്ഷണ സമിതിയുടെ കീഴിലെ ബാണാസുര മീൻമുട്ടി ഇക്കോ ടൂറിസം പോയൻറിൽ നടത്തിവന്നിരുന്ന ട്രക്കിങ്ങുമായി ബന്ധപ്പെട്ട് വി.എസ്.എസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകൃത നിരക്കിനു പുറമെ സന്ദർശകരിൽനിന്നു കൂടുതൽ തുക കൈപ്പറ്റുന്നുവെന്ന പരാതിയിൽ കൽപറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ഡി.എഫ്.ഒയുടെ നടപടി. എന്നാൽ, സന്ദർശകരെ ചൂഷണം ചെയ്യുന്നുവെന്ന പരാതി വ്യാജമാണെന്നും ആസൂത്രിതമായി എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടുകയായിരുന്നുവെന്നുമാണ് കുഞ്ഞുമോൻ ജോസഫും കൂട്ടരും സമർപ്പിച്ച അപ്പീലിൽ പറയുന്നത്. 2016 ഒക്ടോബർ 16ന് ട്രക്കിങ്ങിനെത്തിയ സംഘത്തിൽനിന്നു ടെൻറ് വാടകയും ഇത് കൊണ്ടുവന്നതിനുള്ള വാഹനക്കൂലിയും അടക്കം 1750 രൂപ ഈടാക്കിയതിനെയാണ് അധികം തുക വാങ്ങിയതായി ചിത്രീകരിച്ചതെന്ന് അപ്പീലിൽ പറയുന്നു. സഞ്ചാരികൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുഞ്ഞുമോൻ ജോസഫ് സ്വന്തം നിലക്ക് കൊളഗപ്പാറയിലെ സ്വകാര്യവ്യക്തിയിൽനിന്നു രണ്ട് ടെൻറുകൾ വാടകക്കെടുത്ത് മീൻമുട്ടിയിൽ എത്തിച്ചത്. മീൻമുട്ടിയിൽ ഒരു രാത്രി തങ്ങുമെന്ന് അറിയിച്ചിരുന്ന ഇവർ തീരുമാനം മാറ്റി അന്നുതന്നെ മടങ്ങാൻ തീരുമാനിച്ചു. സഞ്ചാരികൾ ടെൻറുകൾ ഉപയോഗിച്ചില്ലെങ്കിലും വാടക നൽകേണ്ടതിനാൽ കുഞ്ഞുമോൻ ജോസഫ് തുക ഈടാക്കി. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് റേഞ്ച് ഓഫിസറുടെ അന്വേഷണം നടന്നത്. റേഞ്ച് ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്ന് തന്നെ സമിതി പ്രസിഡൻറ് സ്ഥാനത്തുനിന്നു നീക്കി ഡി.എഫ്.ഒ പുറപ്പെടുവിച്ച ഉത്തരവ് കൈപ്പറ്റാൻ കുഞ്ഞുമോൻ ജോസഫ് വിസമ്മതിച്ചു. വി.എസ്.എസ് ഭരണസമിതിയംഗങ്ങളെ തെറ്റിധരിപ്പിച്ച് വനം വകുപ്പിനെതിരെ കുപ്രചാരണം നടത്തുന്നതുമൂലം ഗ്രീൻ ഇന്ത്യ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും റേഞ്ച് ഓഫിസർ റിപ്പോർട്ട് ചെയ്തു. ഭരണസമിതി പിരിച്ചുവിട്ട് ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന ശിപാർശയടങ്ങിയതാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടും പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വരുന്നതുവരെ അഡ്മിനിസ്േട്രറ്ററായി റേഞ്ച് ഓഫിസറെ നിയമിച്ചും ഡി.എഫ്.ഒ ഉത്തരവായത്. 418 അംഗങ്ങളാണ് വാരാമ്പറ്റ വന സംരക്ഷണ സമിതിയിൽ. ഒമ്പത് അംഗങ്ങളടങ്ങുന്നതാണ് എക്സിക്യൂട്ടിവ് കമ്മിറ്റി. 2016ൽ നിലവിൽവന്ന ഭരണസമിതിക്ക് 2018 ജനുവരി 30 വരെ കാലാവധിയുണ്ട്. എന്നിരിക്കെയാണ് തക്കതായ കാരണമില്ലാതെ പ്രസിഡൻറിനെ നീക്കുകയും പിന്നീട് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തതെന്ന് അപ്പീലിൽ വിശദീകരിക്കുന്നു. മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ ശോച്യാവസ്ഥ പരിഹരിക്കണം മേപ്പാടി: കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി മുന്നൂറിൽ അധികം രോഗികൾ എത്തുന്ന ആശുപത്രി, അധികൃതരുടെ അനാസ്ഥ കാരണം തകർച്ചയുടെ വക്കിലാണ്. പരിശോധന മുറികളുടെ അപര്യാപ്തതയും സൗകര്യക്കുറവും രോഗികളെ പ്രയാസത്തിലാക്കുന്നു. നടുവൊടിഞ്ഞ കട്ടിലുകളും ടൈൽ ഇളകി വൃത്തികേടായ ഭിത്തികളും കൊതുക് വളർത്തു കേന്ദ്രമാകുന്ന പരിസരങ്ങളും ആരോഗ്യഭീഷണി ഉയർത്തുന്നു. ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച വാഹനത്തിൽ നേരം ഇരുട്ടുന്നതോടെ മദ്യപാനികളുടെ അഴിഞ്ഞാട്ടവുമാണ്. നടപടി എടുക്കേണ്ട അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണ്. വെൽഫെയർ പാർട്ടി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ. ഹംസ, സെക്രട്ടറി രവി, സഹോദരൻ ഹംസ, ശഫീഖ് എന്നിവർ സംസാരിച്ചു. പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം സുൽത്താൻ ബത്തേരി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിെൻറ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന് വിതരണവും നടത്തി. ബത്തേരി പൂമലയിൽ നഗരസഭ കൗൺസിലർ പി.പി. അയ്യൂബും കരണിയിൽ കണിയാമ്പറ്റ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള സജീവനും കൽപറ്റയിൽ പി.കെ. ജയരാജനും മാനന്തവാടി- കണിയാരം പുളിഞ്ചോട്ടിൽ സ്വാമി ആനന്ദജ്യോതിനതപസ്വിയും ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ഹോസ്പിറ്റലിലെ ഡോ. ജിസ്ന സി. ജോസഫ് ബോധവത്കരണ ക്ലാസ് എടുത്തു. മണിച്ചിറ ജുമാമസ്ജിദ് ഇമാം ഫസൽ ബാഖവി, ശാന്തിഗിരി ആശ്രമം ഏരിയ മാനേജർ എൻ. ശിവാനന്ദൻ, പി.കെ. സുകുമാരൻ, എം. സുരേന്ദ്രൻ, പി.ആർ. രാജേഷ്, കെ.എ. പ്രസാദ്, പി.എ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഡോ. ജിസ്ന സി. ജോസഫ്, ഡോ. അൻവർ മുഹമ്മദ് എന്നിവർ വൈദ്യ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.