ബേപ്പൂർ: കൂലിത്തർക്കത്തെ തുടർന്ന് ബേപ്പൂർ തുറമുഖത്ത് കണ്ടെയ്നർ ഇറക്കൽ തടസ്സപ്പെട്ടു. 32 കണ്ടെയ്നറുമായി ബുധനാഴ്ച രാവിലെ എത്തിച്ചേർന്ന ‘ഗ്രേറ്റ് സീ വേമ്പനാട്’ കപ്പലിൽനിന്ന് കണ്ടെയ്നർ ഇറക്കുന്നതിനെച്ചൊല്ലി തൊഴിലാളികൾ തമ്മിൽ തർക്കത്തിലേർപ്പെട്ടതോടെയാണിത്. സ്റ്റീവ് ഡോർ വർക്കിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. സാധാരണ കപ്പലിനകത്തെ സ്ഥിരം തൊഴിലാളികളാണ് ഈ ജോലി ചെയ്യാറ്. കപ്പലിലെ കണ്ടെയ്നറിൽ ക്രെയിനിെൻറ ഹുക്ക് കൊളുത്തിക്കൊടുക്കുന്ന ജോലി മാത്രമേ ഉള്ളൂ. ഇതിനും ഒരു കണ്ടെയ്നർ കൂലി വേണമെന്ന് തൊഴിലാളികൾ ശഠിച്ചു. ഇതിന് പ്രത്യേകകൂലി നൽകാൻ കഴിയില്ലെന്നും ഒരു കണ്ടെയ്നറിന് 249- രൂപ മാത്രമേ നൽകൂവെന്നും അധികൃതർ തീർത്തുപറഞ്ഞു. തുടർന്ന് ഒരു കണ്ടെയ്നർ മാത്രം ഇറക്കിയശേഷം തൊഴിലാളികൾ ജോലിയിൽനിന്ന് മാറി നിൽക്കുകയായിരുന്നു. ഉടൻ ഓഫിസർ തുറമുഖത്തൊഴിലാളി യൂനിയൻ കൺവീനർമാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂലി വർധനവിനെച്ചൊല്ലിയുള്ള പ്രശ്നം പരിഹരിക്കാൻ തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് യൂനിയൻ നേതാക്കളുടെ യോഗം 21-ന് വിളിച്ചുചേർത്തിട്ടുണ്ടെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുവാൻ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയാറായില്ല. തുടർന്ന് വകുപ്പുമന്ത്രിയുടെ നിർദേശാനുസരണം അനുരഞ്ജനചർച്ചക്ക് തൊഴിലാളി യൂനിയൻ കൺവീനർമാരുമായി സംസാരിക്കാൻ കോൺഗ്രസ്-എസ് ജില്ല െസക്രട്ടറി സി.പി. ഹമീദും ബ്ലോക്ക് പ്രസിഡൻറ് ബി. അബ്ദുൽ ലത്തീഫും തുറമുഖത്തെത്തി. വൈകീട്ടോടെ സി.ഐ.ടി.യു, എസ്.ടി.യു എന്നീ ട്രേഡ് യൂനിയനുകൾ ചരക്കിറക്കാൻ സമ്മതിച്ചെങ്കിലും ഐ.എൻ.ടി.യു.സി മാത്രം നിലപാട് മാറ്റിയില്ല. 32 കണ്ടെയ്നറുമായി വാർഫിനോടടുപ്പിച്ച കപ്പൽ കൂടുതൽ സമയം നിർത്തിയാൽ വേലിയിറക്ക സമയത്ത് ജലനിരപ്പ് കുറഞ്ഞ് കപ്പലിെൻറ അടിഭാഗം തട്ടി കപ്പൽ മറിയുമെന്ന ഭീഷണിയുമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്തിൽനിന്ന് വലിയ കപ്പലിൽ കൊച്ചിയിലെത്തിച്ച ടൈൽസുമായാണ് ‘ഗ്രേറ്റ് സീ വേമ്പനാട്’ ബേപ്പൂർ തുറമുഖത്തെത്തിയത്. ഇത് ബുധനാഴ്ച മലബാറിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കേണ്ടതായിരുന്നു. തൊഴിൽ പ്രതിസന്ധി ഈ നിലയിൽ തുടർന്നാൽ കണ്ടെയ്നർ ഷിപ്പുകളുടെ വരവ് പ്രതിസന്ധിയിലാവുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.