ഹർത്താൽ ദിനത്തിൽ കടകൾക്കുനേരെ ആക്രമണം പറമ്പിൽ ബസാർ: ബി.ജെ.പിയുടെ ഹർത്താലിനോടനുബന്ധിച്ച് കടകൾക്കുനേരെ ആക്രമണം. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ഹർത്താലനുകൂലികൾ പറമ്പിൽ ബസാറിലെ സി.എം സൂപ്പർ മാർക്കറ്റ്, മല്ലിശ്ശേരിത്താഴത്തെ ജനറൽ സ്റ്റോർ എന്നിവക്കുനേരെ ആക്രമണം നടത്തിയത്. ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘം പ്രകടനമായെത്തുകയും കടകളിലേക്ക് ഒാടിക്കയറുകയുമായിരുന്നുവെന്ന് ഉടമകൾ പറയുന്നു. കടകളിലെ പച്ചക്കറികളും തട്ടും റോഡിലേക്ക് വലിച്ചെറിയുകയും കസേര തല്ലിപ്പൊളിക്കുകയും ചെയ്തതായി സി.എം സൂപ്പർ മാർക്കറ്റ് ഉടമ കെ.കെ. ഷംസുദ്ദീൻ പറഞ്ഞു. അഞ്ചാറു പൊലീസുകാർ നോക്കിനിൽക്കെയാണ് ആക്രമികൾ തേർവാഴ്ച നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഉടമ നാട്ടുകാരുടെ സഹായത്തോടെ ഉടൻ ഷട്ടർ അടക്കുകയായിരുന്നു. കടകൾക്കു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ച് പ്രകടനം നടത്തി. സുബൈർ മിന്നകം, എ.സി. അഷ്റഫ്, നന്ദകുമാർ മഠത്തിൽ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. വ്യാപാരികൾ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്നും ചേവായൂർ എസ്.െഎ എസ്. ആനന്ദ് പറഞ്ഞു. കടകൾ അടപ്പിച്ചു പാലത്ത്: ഹർത്താൽ ദിനത്തിൽ തുറന്ന കടകൾ അടപ്പിച്ചു. ഞായറാഴ്ച രാവിലെ പാലത്ത് ബസാറിലെ കടകളാണ് ഹർത്താൽ അനുകൂലികൾ അടപ്പിച്ചത്. ചില വാഹനങ്ങൾ തടയുകയും അൽപസമയത്തിനുശേഷം വിടുകയും ചെയ്തു. ചേളന്നൂർ 7/6, പാലത്ത്, കക്കോടി ബസാർ എന്നിവിടങ്ങളിൽ ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.