അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ ജീവനക്കാരുടെ കുറവ് മൂലം ഓഫിസ് പ്രവർത്തനം അവതാളത്തിൽ. ഇതുമൂലം പഞ്ചായത്തിലെത്തുന്ന ജനങ്ങൾ കഷ്ടത്തിലാകുന്നു. ഇപ്പോൾ പഞ്ചായത്തിലെ പദ്ധതിപ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥകാരണം ലൈഫ് മിഷനിലെ അഗതി ആശ്രയ പദ്ധതിയിൽ നിരവധി അടിസ്ഥാന നിർമിതികൾക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന പാവങ്ങളാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. എൻജിനീയർമാരും ക്ലർക്കും ഓവർസിയർമാരും വി.ഇ.ഒ മാരുമില്ലാത്ത പഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ നിലച്ചതോടെ നൂറുകണക്കിന് വീടുകളുടെ പ്ലാനുകളാണ് തീരുമാനം കാത്ത് ഫയലിൽ കെട്ടിക്കിടക്കുന്നത്. ഒന്നരവർഷമായി പ്ലാനിങ് സെക്ഷനിൽ അസി. എൻജിനീയർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നാല് ഓവർസിയർമാർ വേണ്ടിടത്ത് രണ്ടരവർഷമായി ഈ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വി.ഇ.ഒ തസ്തികകളിലെ രണ്ടൊഴിവുകളും രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ കെട്ടിടങ്ങളുടെ പ്ലാൻ നോക്കുന്ന ക്ലർക്കിന് സ്ഥലംമാറ്റ ഉത്തരവ് എത്തുകയും ചെയ്തു. ഇതോടെ പഞ്ചായത്തിെൻറ കോടികളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. ഇപ്പോൾ പദ്ധതിപ്രവർത്തനങ്ങൾ തീർക്കേണ്ട സമയമാണ്. ഈ സമയത്ത് ആവശ്യത്തിന് ജീവനക്കാരില്ലാതെ പഞ്ചായത്ത് ഭരണം മുന്നോട്ടു കൊണ്ടുപോവാൻ ബുദ്ധിമുട്ടുകയാണ്. ആവശ്യമായ ജീവനക്കാരെ ലഭിക്കാൻ സമരം ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ ഭരണസമിതിക്കുള്ളത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ പദ്ധതികളൊന്നും സമയബന്ധിതമായി നടപ്പാകുന്നില്ലെന്നും അടിയന്തരമായി ജീവനക്കാരെ നിയമിക്കാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശൻ പറഞ്ഞു. ചിത്രം: Atholi 5 ജീവനക്കാരില്ലാതെ ഫയൽ കുന്നുകൂടിക്കിടക്കുന്ന തലക്കുളത്തൂർ പഞ്ചായത്തിലെ പ്ലാൻ സെക്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.